Friday, July 7, 2023

ആദ്യത്തെ മഴ

 ആദ്യത്തെ മഴ


വേനൽച്ചൂടിലെരിയുന്ന ഭൂമിക്കു
സാന്ത്വനമായി, തലോടലായി

ആദ്യത്തെ മഴയുടെ ആരവമെത്തി
ആദിത്യനംബുദാശ്‌ളേഷിതനായി

ആദ്യസ്പർശന നിർവൃതികാംക്ഷിയാ
മാദ്യരാവിലെ നവവധു പോൽ

വ്രീളാലോലവിലോലിതയായ് നിന്നു
വസുമതി , ശുഷ്ക്ക വസനിതയായി

ഊഷരഭൂമിയിൽ പുളകം വിതച്ചതാ
ആദ്യ നീർത്തുള്ളികൾ മണ്ണിൽ പതിക്കവേ

പുൽക്കൊടിത്തുമ്പും പുതു മണ്ണുമേകി
ആദ്യരോമഹർഷവും അംഗരാഗവും

ഉൽക്കടമേതോരുൾ പ്രേരണയാൽ
ആ മഴയത്തു ഞാനും നനഞ്ഞു നിൽക്കെ

മുള പൊട്ടിയെന്നിലും ചില ചിന്തകൾ
എപ്പഴോ പാകിയ വിത്തുകളാവാം

ആദ്യത്തെതെന്തും സുന്ദരമല്ലേ
ആ ഓർമ്മകളെന്നും കരളിലില്ലേ

അദ്യ പ്രണയത്തിൻ സ്നിഗ്ദ്ധമാം ഓർമ്മകൾ
ആയുസ്സുള്ളോളവും നിൽക്കുകില്ലേ

ആദ്യത്തെ കൺമണിയാദ്യമായ് നൽകിയ
പാൽപ്പുഞ്ചിരിക്കെന്തു പകരമാകും?

ആദ്യത്തെ ചുവടുകളാദ്യത്തെ വാക്കുകളാ
ദ്യത്തെ കണ്ണുനീർ തുള്ളി പോലും

അനുപമനിതരമപ്രമേയമാം
അനുഭൂതിയുള്ളിൽ പകരുകില്ലേ
------------------------------------------------------------------------------
അംഗരാഗം=
നാ. ശരീരത്തില്‍ പൂശുന്നതിനുള്ള കുറിക്കൂട്ട്, സുഗന്ധദ്രവ്യം
വസുമതി = ഭൂമി
വസനം = വസ്ത്രം

ആനവണ്ടീലെ കാഴ്ചകൾ

  ആനവണ്ടീലെ കാഴ്ചകൾ

---------------------------------------------

ആനവണ്ടിയിലന്നൊരുനാൾ ഞാനാസനസ്ഥനായ് രാവിലെ

ആവലാതികളോടിയെത്തിയാക്രമിച്ചെൻ മനസ്സിനെ


ആരവങ്ങളുമനിലനും അംബരത്തിലെ കാഴ്ചയും

അകമ്പടിയാരുണകിരണ താപവും ധൂളിയും


അനിഷ്ടമിത്തിരി തോന്നിയോ, തോഴരോടവരുണ്ടെങ്കിൽ

കാറിനുള്ളിലെ ശീതളിമയിൽ യാത്രയിന്നും തുടർന്നേനെ


ഏറെ നാളുകളായി സർക്കാർ , ശകടത്തിലൊന്നേറിയിട്ട്

ഏറെ നേരം യാത്രയുണ്ടു ,ഞാനാണ്ടു ചുറ്റിലെ കാഴ്ചയിൽ


കണ്ണുകളോ ചെന്നുവീണു , ചഞ്ചലമിരുമിഴികളിൽ

ചന്ദനത്തിൻ വർണ്ണമേലും മഞ്ജുളാംഗിയൊന്നതാ


ചന്ദ്രികാർച്ചിത രാവിലെ രാപ്പാടി പോൽ മൊഴിയുന്നു കേൾ

"ടിക്കറ്റെടുക്കണേ ചേട്ടാ ചൊല്ലൂ യാത്രയെങ്ങോട്ടാണെന്ന് "


വിസ്മയത്തോടാദരവോടവളെ നോക്കി പുഞ്ചിരിച്ചൊരു

നൂറു രൂപാ നോട്ടു വെച്ചാ പേലവമാം കരതലത്തിൽ


കാര്യനിർവ്വകയാണ് തന്വിയാ വൻശകടത്തിൻ നായിക

കാലമവളെയെത്തിച്ചതീ ശ്രമകരമാം വേലയിൽ


കമ്രമോഹന വദനത്തിലെ കാമ്യസ്മിതം മായാതെ

കൂവളമിഴിയിണകളിലെ തിളക്കമൊട്ടും ചോരാതെ


കങ്കണാഞ്ചിത കൈകളിലെ ഗാനമാധുരി കുറയാതെ

നൂപുരങ്ങൾ കൊഞ്ചും കണ-ങ്കാലിൻ ക്ഷീണമറിയാതെ


യാത്രികരെ കയറ്റിയിറക്കി , യാത്രക്കൂലി വാങ്ങിയും

മണിച്ചരടാൽ സാരഥിയ്ക്കായ് സന്ദേശങ്ങൾ കൈമാറിയും

'
മത്സ്യകന്യക പോലെയവളാ ജനതതിയിലൂടൂളിയിട്ടാ

യാനത്തിൻ്റെയതിരുകളെ കീഴ്‌പ്പെടുത്തി നടന്നിടുന്നു .


തൈയലാൾക്കായ് നീക്കിവെച്ച ലളിത പീഠം കേഴുന്നു

"അഹല്യയാമെനിക്കു നീ നിൻ സ്പർശനത്താൽ മോക്ഷമേകൂ"


നോക്കിയില്ലാ ഭാഗത്തേക്കവൾ , നോക്കിയെന്നെ വീണ്ടുമൊരു

മധുരസ്മിതത്താൽ തഴുകി , വന്നണഞ്ഞു ചാരെ


തേനുലാവും പുഞ്ചിരിയെൻ മനം കുളിർപ്പിച്ചെങ്കിലും

ശങ്കയുണ്ടായോമലാളറിഞ്ഞുവോ എൻ ചിന്തകൾ


ശങ്ക മാറി മങ്കയുടെ പങ്കമില്ലാ തേൻ മൊഴിയാൽ

"ബാക്കി വേണ്ടേ ? ചേട്ടായങ്ങേക്കിറങ്ങുവാൻ സമയമായ്"


സസ്മിതം ബാക്കി തന്നു , വാർമുടിയാൾ നടന്നു നീങ്ങി

ബാക്കിയായി ഞാനുമാ -യാത്ര തൻ സുഖസ്‌മൃതികളും


കർമ്മഭൂമിയെ സ്വർഗ്ഗമാക്കും കോമളാംഗി , നീയെൻ വിരസ

യാത്രയെയും സരസമാക്കി , സ്വീകരിക്കെൻ ഭാവുകങ്ങൾ


അമ്മയായി ഭാര്യയായി , സ്നേഹമുള്ള മകളുമായ്

ദീപ്തമാക്കി നീ നയിക്കും കുടുംബയാനം പോലവെ


അഷ്ടി തേടി ക്ലിഷ്ടതകൾ സഹിച്ചു നീ ഹർഷമോടെ

നയിക്കുമീ യാത്രയാനമേകുമെന്നും സുകൃത വൃഷ്ടി

കാറിലെന്നും യാത്ര ചെയ്യും തോഴരേയറിക നിങ്ങൾ

കാറൊഴിഞ്ഞ മാനം പോലാണാന വണ്ടീലെ കാഴ്ചകൾ


അനിലൻ = കാറ്റ്
അംബരം = ആകാശം
അരുണൻ = സൂര്യൻ
പേലവ = മാർദ്ദവമുള്ള
കാര്യനിർവ്വക= Conductor
കമ്ര= മനോഹരമായ
കങ്കണാഞ്ചിത= കൈവളകളാൽ അലം കൃതമായ
തൈയലാൾ=തരുണി; സ്ത്രീ
തൈയലാൾക്കായ് നീക്കിവെച്ച ലളിത പീഠം = Seat reserved for the lady conductor
പങ്കമില്ലാ= കളങ്കമില്ലാത്ത


Wednesday, July 27, 2022

 



പ്രണയമരങ്ങൾ. (BJC)
---------------------------
ജീവിതം തന്നെ യാത്രയല്ലേ പിന്നതിൽ
യാത്രകൾ പതിവായാൽ ദുഃഖമെന്തേ
നിത്യമെൻ കൊറ്റിനായ് ദൂരങ്ങൾ താണ്ടാൻ
നിയതിയാൽ ലഭ്യമെനിക്കുമൊരു വരം

വാഹന പങ്കിടൽ പദ്ധതിയിൻ ഗുണം
പാരം നുകർന്നു ദിനങ്ങൾ പോകവേ
കണ്ടു ഞാൻ തെല്ലൊരമ്പരപ്പോടിരു
പാതയോരത്തിലെ നൊമ്പര കാഴ്ചകൾ

തണലും തണുവുമായിന്നലയോളമാ
പാതയെ കാത്തൊരു വന്മരങ്ങൾ
വർഷിഷ്ഠവൃക്ഷങ്ങളംബര ചുംബികൾ
വർഷത്തിൽ സഹർഷം വിതാനം തീർത്തവർ

അടിതെറ്റി നിലതെറ്റി നിലംപറ്റുന്നൊന്നൊന്നായ്
യന്ത്രങ്ങളേന്തും വാളുകൾ തൻ മുന്നിൽ
അട്ടഹസിച്ചോടും മണ്ണിളക്കിയന്ത്രത്തിൻ
പ്രചണ്ഡതാണ്ഡവ നൃത്തത്തിൻ മുന്നിൽ

വികസിക്കുകയാണ് ദേശീയ പാതയെൻ
വിഗമങ്ങൾ സുഗമങ്ങളാവുമിനി
"വിടപികൾ വിഘ്‌നങ്ങൾ തന്നെയല്ലേ?"
വിരസമായ് മന്ത്രിച്ചെൻ സ്വാർത്ഥ മനം

കല്ലായി തീർന്നോരെന്മനസ്ഥൈര്യത്തിൽ
കല്ലോലമായി വന്നാഞടിച്ചപ്പോൾ
കല്ലുവാതിൽക്കലെ സ്വാഗതകല്ലിന്‍റെ
ചാരത്തു നിന്നൊരു കാതര കാഴ്ച

അറവിനായ് നിൽക്കുന്നൊരാട്ടിൻ കൂട്ടത്തി-
ലവസാനയൂഴത്തിനവകാശിയെന്നോണം
വീണു കിടക്കും തൻ തോഴർക്കു നടുവിലായ്
അനിവാര്യ വിധി കാത്തൊരു വൃക്ഷരാജൻ

"ഒന്നല്ല രണ്ടാണതു സൂക്ഷിച്ചു നോക്കുക
ഒന്നിച്ചു ചേർന്നതാണെപ്പഴോ തമ്മിൽ "
കാതു വിദഗ്ധന്‍റെ കർക്കശ ശബ്ദം
കാതിൽ മുഴങ്ങിയൊരിക്കൽ കൂടി

ശകടം നിയന്ത്രിച്ച സർജന്‍റെ പാദം
അറിയാതെ ബ്രേക്കിലമർന്നു മെല്ലെ
അക്ഷികളാറെണ്ണമക്ഷണം പാഞ്ഞു
അക്ഷമയോടാ വൃക്ഷത്തെ തേടി

ശരിയാണനാച്ഛാദിതമായതാ മുമ്പിൽ
അന്യാദ്യശമൊരു ബാന്ധവ ദൃശ്യം
ഒന്നല്ല വൃക്ഷങ്ങൾ രണ്ടു തന്നെ ,പക്ഷെ
അന്യോന്യമാലിംഗനബദ്ധരത്രേ

കണ്ണന്‍റെ മാറിൽ മുഖം ചേർത്തു നിൽക്കും
പ്രേമാർദ്രയാം രാധയെ പോലെ കാണാം
തെല്ലു കറുത്തതാം തായ്ത്തടിയിൽ ചേർന്നു
തെല്ലൊരു നാണത്തോടപരയാം വൃക്ഷസ്ത്രീ

അവളുടെ വെണ്മയും അവനുടെ ശ്യാമവും
അനുരാഗഗാനമായലിയുന്നു ചുറ്റിനും
ആ ഗാനമാധുരിയിലൊരപശ്രുതി തീർക്കാ-
നണയുന്നു ഭീമനാം മണ്ണിളക്കിയന്ത്രം

വികസന പാതയിൽ വിഘ്‌നം തീർക്കുവാൻ
ഇല്ല വരില്ലയീ പ്രണയ മരങ്ങൾ
പറയുന്നതവരിതു മാത്രം , കനിവോടെ കേൾക്കുക
അറിവുള്ളോർക്കിതു വെറും കനവായി തോന്നാം

"ഒന്നിച്ചു ഞങ്ങളെപ്പൊഴോ പൃഥ്‌വിയിൽ
ഒന്നായി പുലർന്നിതാ പരശതം വർഷങ്ങൾ
ഒന്നിച്ചു വേണം വെട്ടി മാറ്റാൻ , ഞങ്ങൾ
ഒന്നായി തന്നെ ബഹിർഗമിക്കട്ടെ"
Dr Biju John
--------------------------------------------
കൊറ്റിനായ് = ഭക്ഷണത്തിനായി (നിത്യവൃത്തി )
വർഷിഷ്ഠ= അധികം വയസ്സു ചെന്ന
വിതാനം = മേൽക്കട്ടി
പ്രചണ്ഡ=കോപമുള്ള, അതിശക്തിയുള്ള,
വിഗമങ്ങൾ =യാത്രകൾ
വിടപി = വൃക്ഷം
കല്ലോലം = തിരമാല

Saturday, May 14, 2022

സൂര്യനെ കാത്ത്

 


പ്രത്യുഷ വാനത്തെ പുളകമണിയിച്ചു
പ്രത്യക്ഷമാകുന്നൊരുദയ സൂര്യനെ
പ്രക്രമവേളയിൽ പ്രതിവന്ദനം ചെയ്യാൻ
പ്രജ്ഞയിൽ പ്രേരണയങ്കുരിച്ചെന്തിനോ

ജീവിതയാനത്തിൽ പങ്കായമെറിയുവാൻ
പങ്കാളിയായ് ചേർന്ന പ്രേയസിയെ കൂട്ടി
ജലയാനമൊന്നിൽ തുഴഞ്ഞു പോയ് ഞാനും
ജലക്രീഡാ തല്പരർ നാലഞ്ച്‌ പേരും

ഉദയ നക്ഷത്രത്തെ സാക്ഷിയാക്കി
ഉറങ്ങും പ്രപഞ്ചത്തെ വേദിയാക്കി
പുന്നമടപ്രാചി പൂകി ഞങ്ങളുൾ
പുളകവുമായങ്ങു നിന്നൂ നിശ്ചലം

ഓടങ്ങൾ തമ്മിൽ കളി പറഞ്ഞു
ഓളങ്ങളാ കഥയേറ്റു ചൊല്ലി
കോമള രാഗങ്ങൾ കോർത്തിണക്കി
കേമമൊരു ഖഗഗാനസദസ്സും

ആവേശഭരിതമാം മാനസങ്ങൾ പക്ഷെ
ആകാശ കാഴ്ചയിലമ്പരന്നു
അംബരാന്തത്തെയംബുദ പാളികൾ
അംഗപ്രദക്ഷിണ വേദിയാക്കി

ആദിത്യദർശനമനുവദിച്ചീടുവാൻ
അമ്പലക്കാവിൽ വിളക്കു നേർന്നൊരുവൻ
അർത്തുങ്കൽ പള്ളിക്കു മെഴുകുതിരിയത്
തൽക്ഷണം നേർന്നതാ മറ്റൊരുവൻ

വെളിച്ചത്തിൻ തുള്ളിയെ മീലനം ചെയ്യാ
നന്ധകാരത്തിന്നാവുമോ ഊഴിയിൽ
സത്യഗോപനത്തിൻ സാധ്യതയോ വെറും
നാലഞ്ചു നാഴിക നേരം മാത്രം

മേഘത്തിൻ മുകളിൽ വിളങ്ങിപൊടുന്നനെ
അരുണാഭ ചിന്നുമൊരര്‍ദ്ധവളയം
ആദിപരാശക്തി തൻ അംഗുലീയമോ
ഏതോ ദേവസ്ത്രീ തൻ കനകനൂപുരമോ

അല്ലലനാച്ഛാദിതമായതാ ദ്യോവിൽ
അനുപമ സുന്ദരമൊരു തങ്കത്തളിക
തൊട്ടു വന്ദിക്കുവാൻ തിരക്കു കൂട്ടുന്നതാ
വെൺ മേഘശകലങ്ങൾ ചുറ്റിലുമായ്

കുങ്കുമം ചാലിച്ചൊരഴകെഴും ചിത്രത്താൽ
കമനീയ പശ്ചാത്തലമൊരുക്കി
കാല്യകലാമയമൊരലൗകിക തൂലിക
കാലങ്ങൾ രചിക്കുമൊരനശ്വര തൂലിക

കായൽപരപ്പിലും അരുണിമ കണ്ടെൻ
കേവല മാനസം സംശയിപ്പൂ
കായൽ രവിയെ പ്രണയിച്ചിരുന്നോ
വദനം തുടുത്തത് നാണത്താലാണോ

പൂർവ്വദിങ്ങ്മുഖഃ ശോണാഭക്കൊത്തൊ
രപൂർവ്വ ശോഭ ലസിക്കും മുഖവുമായ്
യാനപങ്കാളിയുരക്കുന്നു മധുരമായ്
അസ്തമയം കാണാനെന്നു പോണം ?







ടിപ്പണി
--------------
പ്രത്യുഷം = പ്രഭാതം
പ്രക്രമം = ആരംഭം
പുന്നമടപ്രാചി = പുന്നമടക്കായലിന്റെ കിഴക്കു ഭാഗം
ഖഗഗാനസദസ്സ് = പക്ഷികളുടെ ഗാനസദസ്സു
അംബരാന്തം = ആകാശത്തിന്റെ അറ്റം , ചക്രവാളം (ആകാശം കായലിനെ സ്പർശിക്കുന്ന ഭാഗം എന്ന് വിവക്ഷ )
അംബുദം = മേഘം
അംഗപ്രദക്ഷിണം= അംഗംകൊണ്ടുള്ള പ്രദക്ഷിണം, ശയനപ്രദക്ഷിണം
മീലനം = മറയ്ക്കുക
അംഗുലീയം =മോതിരം
നൂപുരം = കൊലുസ്സ്