ഗൃഹപ്രവേശം
എങ്ങനെ
വേണം ഒരു ദിവസം തുടങ്ങേണ്ടത് .ഒരു
പ്രാര്‍ത്ഥനയോടെ ? ഒരു പുഞ്ചിരിയോടെ ?
എന്തായാലും
അന്ന് ഞാന്‍ തുടങ്ങിയത് ഇത് രണ്ടും സമാസമം പ്രയോഗിച്ചു കൊണ്ടാണ് .
ചിരി
മനോഹരമായ ഒരു പകര്‍ച്ചവ്യാധി ആണ് എന്ന് ആരോ പറഞ്ഞിട്ടില്ലേ . ആവോ ചിലപ്പോള്‍ ഞാന്‍
തന്നെ ആരോടോ പറഞ്ഞതാവാം .
ഏതായാലും അത്
ഒരു അനശ്വര ശാശ്വത സത്യം ആണെന്ന് എനിക്ക് വളരെ പെട്ടെന്ന് തന്നെ ബോധ്യപെട്ടു .
ഭാര്യയുടെ
മുഖത്ത് പതിവിലും കൂടുതല്‍ തെളിച്ചം .
പ്രകൃതിയുടെ
മുഖത്തും പുഞ്ചിരി .
രാവിലത്തെ
ആശുപത്രിഗമനത്തിനു വേണ്ടി ഗേറ്റ് തുറന്നപ്പോള്‍ ആദ്യം കണ്ടത് നാന്‍സിയുടെ
ചിരിക്കുന്ന മുഖം . ങേ അവളും ചിരിക്കുന്നോ ?
ഞങ്ങളുടെ വീടിലെ അംഗം ആണെന്ന് സ്വയം പ്രഖ്യാപിച്ച്
പ്രധാന കവാടത്തിന്റെയും അതിനു മുമ്പിലുള്ള വഴിയുടെയും ഭരണം തികച്ചും
ഏകാധിപത്യപരമായി ഏറ്റെടുക്കുകയും ചെയ്ത ഒരു തെരുവുനായ ആണ് നാന്‍സി .
"ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി"
എന്നല്ലേ കവി പറഞ്ഞത് .ചിലപ്പോള്‍ അത് കൊണ്ടായിരിക്കാം സഹാവാസികളും
സഹജീവികളും എല്ലാം പുഞ്ചിരിക്കുന്നതായി അനുഭവപ്പെടുന്നത് .
പക്ഷെ
അങ്ങനെയെങ്കില്‍ മറ്റൊരു കവി എന്തിനാണ് .
"പുഞ്ചിരി
കൊണ്ട് പുറംചട്ടയിട്ടേതു വഞ്ചനകള്‍ക്കും നടന്നിടാം നിര്‍ദയം "
എന്ന്
പറഞ്ഞത് .
എന്തെങ്കിലും
ആകട്ടെ . എന്നെ സംബന്ധിച്ച് ഇന്ന് നല്ല ദിവസം ആണ് .
നല്ല നല്ല
പുഞ്ചിരികള്‍ കൊടുക്കാനും സ്വീകരിക്കാനും തയാറെടുത്തു കൊണ്ട് ആശുപത്രി യാത്ര
തുടങ്ങി
ആശുപത്രിയിമേധാവിയുടെയും സൂപ്രണ്ടിന്റെയും മുഖത്ത് പതിവിലും
പ്രകാശമുള്ള പുഞ്ചിരി .
പക്ഷെ
പുഞ്ചിരിയോടെ സൂപ്രണ്ട് പറഞ്ഞ വാക്കുകള്‍ കേട്ട് എന്റെ ചുണ്ടിലെ പുഞ്ചിരി അകാല
ചരമമടഞ്ഞു .
ഇന്നലെ
വരെ ഉപയോഗിച്ചിരുന്ന unit chief's room ഒഴിഞ്ഞു കൊടുക്കണം അത്രേ .പുതിയ മുറി
അവിടെ library യുടെ അടുത്ത്
തയ്യാറാക്കിയിട്ടുണ്ട് .അങ്ങോട്ട് മാറുക .
Unit 3 യുടെ തലവനു
സ്ഥാനക്കയറ്റത്തോടെ ഉള്ള സ്ഥലം മാറ്റം കിട്ടിയതിനാല്‍ അദ്ദേഹവുമായി സഹവസിച്ചിരുന്ന
ആ മുറി ഇനി ന്യായമായും എനിക്കാണല്ലോ
കിട്ടേണ്ടിയിരുന്നത് . മാത്രവുമല്ല പുതിയ unit 4 chief എന്നെക്കാള്‍ ജൂനിയര്‍ ആയതു കൊണ്ട് പുതിയ മുറി അദ്ദേഹത്തിന്
കൊടുക്കുകയും പുതിയ Unit 3 തലവനായ
എന്നെ പഴയ മുറിയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുക എന്നതാണല്ലോ ന്യായം .
പക്ഷെ
സുപ്രണ്ട് പറഞ്ഞ കാരണവും ന്യായം .പുതിയതായി ചാര്‍ജ് എടുക്കുന്ന unit chief , RMO കൂടി ആയതിനാല്‍
ആശുപത്രിയുടെ സിരാകേന്ദ്രത്തില്‍ ഉള്ള ഈ മുറി തന്നെ കൊടുക്കണം അത്രേ .
അതെ ഡയറക്ടര്‍ , സൂപ്രണ്ട് , RMO എന്നിവര്‍
അടുത്തടുത്ത മുറികളില്‍ ഇരുന്നെങ്കില്‍ മാത്രമേ
ആശുപത്രിയുടെ ഗരിമോന്നത ഭരണ ചക്രം സുഗമമായി തിരിയുകയുള്ളൂ എന്ന ഒരു
തിരിച്ചറിവ് കാര്യനിര്‍വാഹക ധിഷണയില്‍ പെട്ടെന്ന് ഉടലെടുത്തുരുള്പൊട്ടി
. ആശുപത്രിയിലെ ഏറ്റവും പ്രധാനമായ ആ ഭാഗം ചരിത്രത്തില്‍ ആദ്യമായി administrative block എന്ന്
വിളിക്കപ്പെടാനും തുടങ്ങി .
ഉരുള്‍പൊട്ടലുകള്‍ക്ക്
വിഹ്വലമായ ഒരു ഭംഗി ഉണ്ടെങ്കിലും ആസ്വദിക്കാന്‍ ആരും നില്‍ക്കാറില്ലല്ലോ .
എന്റെ പഴയ
മുറിയിലേക്ക് അവസാനമായി ഒന്ന് നോക്കിയിട്ട് പുതിയ മേച്ചില്പുറത്തോട്ടു പോകാമെന്ന്
വെച്ചു ഞാന്‍ ഒന്ന് തിരിഞ്ഞു .
വേണ്ടായിരുന്നു
.
സര്‍ക്കാര്‍
സംവിധാനങ്ങള്‍ ഒച്ചിഴയുന്ന പോലെ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയുന്ന വിവര
ദോഷികള്‍ ദാ ഇതൊന്നു കാണേണ്ടത് തന്നെ ആണ് .
ഇന്നലെ
ഉച്ച വരെ എന്റെ name board ഇരുന്ന സ്ഥലത്ത് പുതിയ name board. മുറിമാറ്റ ചുറ്ററിയിപ്പ് whatsap വഴി എന്റെ ഫോണില്‍ എപ്പോഴേ എത്തിയിരിക്കുന്നു . അതിവേഗം ബഹുദൂരം .
"സാറിന്റെ
ബോര്‍ഡ് അവിടെ biomedical മുറിയുടെ
വെളിയില്‍ വെച്ചിട്ടുണ്ട് "
അറ്റണ്ടരുടെ
ശബ്ദം.
ഇവിടെ ചുമ്മാ
നിന്ന് സമയം കളയേണ്ട എന്നതിന്റെ സുന്ദര സുരഭില മൊഴിമാറ്റം .
OK കണ്മണി
എന്നാ പിന്നെ പുതിയ മുറിയിലേക്കുള്ള ഗൃഹപ്രവേശം
നടത്തിക്കളയാം .
ഒരു ചേഞ്ച് എപ്പോഴും നല്ലത് തന്നെ .
അങ്ങനെ
ഉത്സാഹസന്തോഷപൂരിതചിത്തനായി ആശുപത്രി ഭരണ സാരഥികള്‍ക്ക് മനസ്സാ നന്ദി പറഞ്ഞുകൊണ്ട്
ഞാന്‍ പുതിയ മുറിയിലേക്ക് പുറപ്പെട്ടു.
ഇരുളും
വെളിച്ചവും തമ്മിലുള്ള ചിരന്തന യുദ്ധത്തില്‍ താല്‍ക്കാലികമായി ഇരുട്ടിനു കിട്ടുന്ന
ഒരു മുന്‍തൂക്കം വിളിച്ചറിയിക്കുന്ന കുറെ ഇടനാഴികളും , കോണിപ്പടികളും
,ചെരിവുകളുമൊക്കെ താണ്ടി , അത്ര പെട്ടെന്നൊന്നും ആളുകള്‍ക്ക് കണ്ടു പിടിക്കാന്‍
സാധിക്കാത്ത ,ആശുപത്രിയിലെ ആ വിജനഭാഗത്തെത്തിയപ്പോഴേക്കും ഒരു കാര്യം എനിക്ക്
ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു . സ്വര്‍ഗതുല്യമായ ഒരു മുറിയാണ് എനിക്ക് ലഭ്യമാകാന്‍
പോകുന്നത് . സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി
ഇടുങ്ങിയതും ദുര്‍ഘടം പിടിച്ചതും
ആണെന്നാണല്ലോ ബൈബിള്‍ പറഞ്ഞു തന്നിട്ടുള്ളത് . ഇവിടെയിതാ ലക്ഷണങ്ങളെല്ലാം
കിറുകൃത്യം . സുഖമുള്ള ഒരു ആകാംഷ ആനന്ദതുന്ദിലമാക്കിയ മനസ്സോടെ teleophthalmology
hall ന്റെ വാതില്‍ ഞാന്‍ തള്ളി തുറന്നു .
മിന്നായം
പോലെ ഒരു രക്താംബര സ്പര്‍ശം , തലച്ചോറില്‍ ഒരു വൈദ്യുത പ്രവാഹം . അത് ക്ഷണ നേരം
കൊണ്ട് മൂക്കിലെത്തി നാസികാ പേശികളെ ഉദ്ധീപിപിക്കുകയും നാസാരന്ധ്രങ്ങളെ വികസിപ്പിക്കുകയും ചെയ്തു . ഏകദേശം അഞ്ചു മിനിട്ടോളം വേണ്ടി വന്നു ആ സങ്കോച
വികാസങ്ങള്‍ കെട്ടടങ്ങാന്‍ . അങ്ങനെ തുമ്മി ക്ഷീണിച്ച ഞാന്‍ അതിനു കാരണഭൂതനായ ആ
ചുവന്ന വാതില്‍ തിരശ്ശീലയെ ഒന്ന് വണങ്ങി . ആശുപത്രിയുടെ പൌരാണികത മുഴുവന്‍
ആവാഹിച്ചെടുത്തതു പോലുള്ള അതിന്റെ നില്പ്പിനെ ആകെ ചോദ്യം ചെയ്യാന്‍ കഴിവുള്ളത്
പൌരാണികതയുടെ കാര്യത്തില്‍ തത്തുല്യ സ്ഥാനം അവകാശപ്പെടാവുന്ന ആ ശോണാംബര
ധൂളികള്‍ക്ക് മാത്രം .
പക്ഷെ
പഴമയുടെ തീകഷ്ണ സൌന്ദര്യ പ്രതീകമായ ആ തിരശീല അനാവരണം ചെയ്തത് അത്യന്താധുനികതയുടെ
ഒരു ശവപ്പറമ്പിനെ ആയിരുന്നു . ചിതറി
ക്കിടക്കുന്ന കമ്പ്യൂട്ടര്‍ മോനിട്ടറുകള്‍ , keyboardകള്‍ ,ആശുപത്രി ഉപകരണങ്ങള്‍. നിരവധി cardboard പെട്ടികള്‍ .
പകുതി തുറന്നു പുറത്തു കിടക്കുന്ന ചില ഉപകരണ ഭാഗങ്ങള്‍ ഇത് വരെ വെളിച്ചം
കാണാതെ പൊടി പിടിച്ച പെട്ടികള്‍ക്കകത്ത് കിടക്കുന്ന ഗര്‍ഭസ്ഥ ഉപകരണങ്ങളെ
സഹതാപത്തോടെ നോക്കുന്നത് പോലെ. അതോ ഇനി അവ എന്നെ ആണോ നോക്കിയത് . പക്ഷെ അവിടെ ആ
ജാലകത്തിനടുത്ത് ഒരു computer table നു പുറകിലുണ്ടായിരുന്ന
ക്രൂര നയനങ്ങളുടെ കാര്യത്തില്‍ അങ്ങനെ ഒരു സംശയമേ ഇല്ല . അവ എന്നെ തന്നെ ആണ്
നോക്കുന്നത് .സാമ്രാജ്യാധിപന്റെ അപ്രമാദിത്വതത്തെ ചോദ്യം ചെയ്യാന്‍ വന്ന വൈദേശികനു മാത്രമായി കരുതിവെച്ച നോട്ടം.
പ്രതികരിച്ചില്ലെങ്കില്‍ അത് ചിലപ്പോള്‍ എന്റെ നില നില്പ്പിനെ പ്രതികൂലമായി
ബാധിച്ചേക്കാം എന്നത് കൊണ്ട് ഉചിതമായ അംഗ വിക്ഷേപങ്ങളോട് കൂടി ഞാന്‍ ആക്രോശിച്ചു .
ഛീ പോ പൂച്ചേ
!!.
അത്ഭുതപ്പെടുത്തുന്ന വേഗതയില്‍ ആ മാര്ജ്ജാരപുംഗവന് ജനല്‍ വഴി
ബഹിര്‍ഗമിച്ചപ്പോള്‍ അറിയാതെ മനസ്സിലും മുഖത്തും ഒരു അധീശത്വ ഭാവം മൊട്ടിട്ടു . പുഷ്പിക്കാന്‍ പറ്റിയ ഒരു മുഖം അല്ലെന്നു മനസ്സിലായത്
കൊണ്ടായിരിക്കാം മൊട്ട് അപ്പഴേ തന്നെ ആത്മഹത്യ ചെയ്തു . പകരം ഒരു വിഷാദഛവി മുഖത്ത് നിഴലിട്ടു . മനസ്സില്‍ ഒരു
നീറ്റല്‍ . ഒരു ചെറിയ വിമ്മിഷ്ടം .എത്രയോ നല്ല teleconferencing ഉം , telemedicine
consultationഉം, PG Classകളും ഒക്കെ നടന്ന ആ മനോഹരമായ telelophthalmology
Hall ആണ് ഇപ്പോള്‍ Biomedical Engineers ന്റെ Store room cum workshop ആയി
പരിണമിച്ചിരിക്കുന്നത് . ആ teleophthalmolgy room ന്റെ പഴയ
പ്രൌഡി നേരിട്ട് കണ്ടനുഭവിച്ച ഒരു വ്യക്തി എന്ന നിലയില്‍ അതിന്റെ ഇപ്പോഴത്തെ
അവസ്ഥ മനസ്സില്‍ ഒരു നീറ്റല്‍
ഉണ്ടാക്കിയത് തികച്ചും സ്വാഭാവികം .വിമ്മിഷ്ടത്തിന്റെ കാരണം കുറച്ചു
കഴിഞ്ഞപ്പോഴാണ് മനസ്സിലായത് .ശ്വാസകോശം പണ്ടേ sponge പോലെ
ആയതിനാല്‍ ആ മുറിക്കകത്ത് തങ്ങി നിന്ന സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വായു
കുറെ അങ്ങ് വലിച്ചു കയറ്റി .അതില്‍ നിന്ന് പറ്റിയതാണ് . കോമളഗാത്രനായിരുന്ന ഈ യയാതിമുറിയെ
ശപിച്ചു ഈ നിലയില്‍ ആക്കിയ ശുക്രാചാര്യന്മാര്ക്ക് ഇതിനു ശാപമോക്ഷം
കൊടുക്കാനുള്ള മനസ്സ് ദൈവം കൊടുക്കട്ടെ .
ഈ workshop cum store മുറിയുടെ , ഏകദേശം
ഒരു ഇടനാഴിയുടെ വലിപ്പമുള്ള ഒരു ഭാഗം ഒരു Glass cum Sintex partition വെച്ച് വേര്‍തിരിച്ചു രണ്ടു ചെറിയ
അറകള്‍ ആക്കിയിരിക്കുന്നു . അതില്‍ ഒന്നാണ് എന്നെ കാത്തിരിക്കുന്നത് .
നമ്രശിരസ്കനായി
ഞാന്‍ വാതില്‍ തുറന്നു ആ അറയിലേക്ക് പ്രവേശിച്ചു .
നമ്രശിരസ്കനായത്
വിനയം കൊണ്ടൊന്നും അല്ല . കുറച്ചു മുമ്പേ ഉണ്ടായ മാര്ജാരദര്ശനം മനസ്സില്‍
സൃഷ്ടിച്ച ഒരു അരക്ഷിതത്വബോധം. പൂച്ച വരാന്‍ കാരണം എലി ആണോ ? അനുകൂല സാഹചര്യ
ബാഹുല്യം ടെലിophthalmology യെ എലിophthalmology ആക്കിയിട്ടുണ്ടാവുമോ? .
മുറിക്കുള്ളില്‍ കടന്നപ്പോള്‍ തന്നെ ഒരു
കാര്യം മനസ്സിലായി . സ്വര്‍ഗത്തിലേക്കുള്ള
വഴി മാത്രമല്ല ഇടുങ്ങിയിരുന്നത് .ഈ
സ്വര്‍ഗവും ഇടുങ്ങിയതു തന്നെ . അതിന്റെ സവിശേഷ സൂക്ഷ്മ സൌന്ദര്യം എന്നെ
പൊട്ടിച്ചിരിപ്പിച്ചു .അതേ നാളിതു വരെ പിന്നിട്ട വഴികളിലൊന്നും എന്നെ ഇതേ പോലെ
പൊട്ടിച്ചിരിപ്പിച്ചു ആഹ്ലാദചിത്തനാക്കിയ ഒരു മുറി ഉണ്ടായിട്ടില്ല .ഇനി ഒട്ടു
ഉണ്ടാവുമെന്നും തോന്നുന്നില്ല . ഒരു മുറിക്ക് അതിലെ അന്തേവാസികളെ
ചിരിപ്പിക്കുവാന്‍ കഴിയുമോ എന്നൊക്കെയുള്ള അനുവാചക സംശയങ്ങള്‍ , മുറിക്കുള്ളിലെ
എന്റെ ആദ്യാനുഭവങ്ങള്‍ ദുരീകരിക്കും .
മുറിയില്‍
കസേരയില്‍ ഉപവിഷ്ടനായ എന്നില്‍ ആദ്യം ഒരു പുഞ്ചിരി ഉളവാക്കിയത് അതിലെ celing Fan
ന്റെ ഘടന ആണ് . പകുതി ഈ അറയിലും പകുതി അപ്പുറത്തെ അറയിലും വരത്തക്കവിധം partition ന്റെ തൊട്ടു മുകളില്‍ .
പകുതി കാറ്റ്
എനിക്ക് കിട്ടും .
പുഞ്ചിരി
കുറച്ചു കൂടി വലിയ ചിരിയായി മാറിയത് ആ ഫാനിന്റെ സ്വിച്ചും ,regulatorഉം അപ്പുറത്തെ പൂട്ടിക്കിടക്കുന്ന
അറയില്‍ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് . ഈ മുറിയിലെ അന്തേവാസിക്ക് ആ ഫാന്‍
പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല . മുറികളുടെ ശില്പസംവിധായകനോട് ബഹുമാനം തോന്നി
-പെരുന്തച്ചന് പോലുമില്ലാത്ത നര്‍മ്മബോധവും ശില്പ ചാതുര്യവും.
പക്ഷെ അവിടെയാണ് സുപ്രണ്ടിന്റെ കാര്യക്ഷമത കണ്ടത് . ഒരു cardboard box താഴെ ഇരിക്കുന്നു .പുറത്തെ ചിത്രത്തില്‍
നിന്ന് അത് ഒരു pedestal ഫാന്‍ ആണെന്ന് മനസ്സിലായി . Attender ന്റെ സഹായത്തോടെ അതു പുറത്തെടുത്തു സ്ഥാപിച്ചു . പക്ഷെ plug pointല്‍ Loose contact. ഒരു പ്രത്യേക രീതിയില്‍
അമര്‍ത്തി പിടിച്ചു കൊണ്ടിരുന്നാല്‍ മാത്രമേ fan പ്രവര്‍ത്തിക്കുള്ളൂ
. അങ്ങനെ വാമഹസ്തേ മേശപ്പുറവും
ദക്ഷിണ ഹസ്തേ ഇലക്ട്രിക്
പ്ലഗ്ഗും കൈപ്പിടിയിലാക്കിക്കൊണ്ടുള്ള
എന്റെ രാജകീയ ഇരുപ്പ് ആലോചിച്ചപ്പോള്‍
ചിരി അടക്കാന്‍ കഴിഞ്ഞില്ല .അങ്ങനെ ceiling fan വികസിപ്പിച്ച
ചിരി pedestal fan വീണ്ടും
വികസിപ്പിച്ചു . പക്ഷെ അപ്പോഴും പൊട്ടിച്ചിരിയായി പരിണമിച്ചിരുന്നില്ല . അടുത്ത
ദിവസം electriciaനെ വിളിച്ചു ശരിയാക്കാം എന്ന് attender പറഞ്ഞപ്പോള്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം തല്ക്കാലം
ഉപേക്ഷിച്ചു .
ഉപേക്ഷിച്ചത്
നന്നായി എന്ന് എനിക്ക് അടുത്ത നിമിഷം ബോധ്യപ്പെട്ടു.
.കാരണം അത് കൊണ്ടാണല്ലോ തലക്കു മുകളില്‍
മനസ്സിനെ കുളിരണിയിക്കുന്ന ആ കാഴ്ച ഞാന്‍ കണ്ടത് . ഒരു Air Conditioner. ആഹാ ഇതിവിടെ
ഇരുന്നിട്ടാണോ .
എവിടെ switch.
അതിന്റെ
സ്വിച്ചും മുറിയില്‍ ഇല്ല . പക്ഷെ ആശ്വാസം.
അപ്പുറത്തെ മുറിയില്‍ അല്ല . എന്റെ മുറിയില്‍
നിന്ന് പുറത്തിറങ്ങി മുന്‍ പറഞ്ഞ biomedical garageല്‍ വരണം എന്നെ ഉള്ളൂ . അവിടെ ഒരു കോണില്‍ അതിന്റെ
സ്വിച്ച് കണ്ടു . ആ സ്വിച് ഇട്ടു തിരികെ മുറിയിലേക്ക് കയറിയ എന്റെ കണ്ണുകള്‍
അപ്പോള്‍ ആ ഹാളിലേക്ക് കയറി വന്ന biomedical സഹോദരന്റെ കണ്ണുകളുമായി ഇടഞ്ഞു .
അദ്ധേഹത്തിന്റെ ചുണ്ടുകളുടെ ഏതോ കോണില്‍ ഒരല്പം പരിഹാസം
ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ ? ഇല്ല ചുമ്മാ ഓരോ തോന്നല്‍ . തങ്ങളുടെ മാത്രമായ
സാമ്രാജ്യത്തില്‍ നുഴഞ്ഞു കയറിയ നവാഗത അതിഥിയോടുള്ള "അതിഥി ദേവോ ഭവ "
എന്ന ഭാവം മാത്രമേ അവിടുള്ളൂ .
ഏതായാലും
AC യുടെ സുഖ ശീതളിമ വരുന്നതും
കാത്തു കാത്തു ആ കസേരയില്‍ ഇരുന്ന് എപ്പോഴോ ഞാന്‍ ഒന്ന് കണ്ണടച്ചു കാണണം .
അല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുന്നതും ആ ജലപ്രവാഹം എന്റെ തലയില്‍
ശക്തിയായി പതിക്കുന്നതും അതില്‍ ഞാന്‍ മുങ്ങിപ്പൊങ്ങുന്നതും
സ്വപ്നം കണ്ടു ഞെട്ടി ഉണരേണ്ട കാര്യമില്ലല്ലോ . പക്ഷെ അതാണ് സംഭവിച്ചത് . അല്പം
ജാള്യതയോടെ കണ്ണ് തുറന്ന് പരിസരവീക്ഷണം നടത്തിയ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി
.പൊട്ടി പൊട്ടി ചിരിച്ചു പോയി .
ആ
ജലപ്രവാഹം സത്യമായിരുന്നു . അതെന്റെ തലയില്‍ പതിച്ചതും സത്യം . പക്ഷെ
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥാനത്ത് നമ്മുടെ AC വായും പിളര്‍ന്ന് നില കൊള്ളുന്നു .അതില്‍ നിന്ന് നിലയ്ക്കാത്ത ജലപ്രവാഹം
.ക്ഷണനേരം കൊണ്ട് കര്‍മ്മനിരതനായ ഞാന്‍ പ്രകാശ വേഗത്തില്‍ മുറിക്കു പുറത്തു കടന്ന്
AC സ്വിച്ച് ഓഫാക്കി .
"ആ
AC ഇടാതിരിക്കുക ആണ് സര് നല്ലത്
.അതില്‍ നിന്ന് വെള്ളം മാത്രമേ വരൂ" - Biomedical സഹോദരന്റെ സമയോചിതമായ
ഗീതോപദേശം .
മുറിക്കകത്ത്
ഇനി ഇപ്പൊ ഇരിക്കാന്‍ സാധിക്കില്ല . തല്ക്കാലം അതൊരു പ്രളയബാധിത പ്രദേശമായി
പ്രഖ്യാപിച്ചു വീട്ടില്‍ പോകുക മാത്രമാണ് കരണീയം . സമയം 3
ആയി കഴിഞ്ഞിരിക്കുന്നു . പ്രളയക്കെടുതിയുടെ അനന്തരഫലം
ആയിരിക്കണം ഒരു മൂത്ര ശങ്ക . പെട്ടെന്നാണ്
മനസ്സില്‍ ലഡ്ഡു പൊട്ടിയത് . മുറിയില്‍ വാഷ്ബേസിന് ഒന്നും ഇല്ലാത്തതിനു
പരിഹാരമായി അടുത്തുള്ള bathroom
എനിക്ക് alott ചെയ്തതായി
സുപ്രേണ്ടിന്റെ ഉത്തരവില്‍ ഉണ്ടായിരുന്നല്ലോ . അതിന്റെ താക്കോലും
കിട്ടിയിട്ടുണ്ട് .എന്നാ പിന്നെ അതൊന്നു ഉപയോഗിച്ചു കളയാം .
ബാത്രൂംഡോര്
തുറന്നു അകത്തു കയറിയ എന്റെ എല്ലാ ശങ്കകളും ക്ഷണനേരം കൊണ്ട് അപ്രത്യക്ഷമായി . ആകെ
ബാക്കി വന്നത് ഒരു ആപല്‍ ശങ്ക മാത്രം . കാരണം ഞാന്‍ കയറിയത് ഒരു
"സ്ത്രീകള്‍ക്ക് മാത്രം ഭാഗം" ആണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി .
മേശപ്പുറത്തു ഹാന്‍ഡ് ബാഗുകളും മറ്റും . ഒരു ഹീറ്ററില്‍ എന്തോ ചൂടാക്കാന്‍
വെച്ചിരിക്കുന്നു . ഇടതു വശത്ത് മുഴുവന്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ . രണ്ടു toilet ഉം കാണാം . ആപല്‍ശങ്ക കൂടി വന്നത് കൊണ്ട്
ഞാന്‍ പെട്ടെന്ന് പുറത്തിറങ്ങി .കണ്ട കാഴ്ച്ചയുടെ പൊരുള്‍ അറിയാന്‍ ഹെഡ് നേഴ്സിനെ
ശരണം പ്രാപിച്ചു .
കാര്യങ്ങള്‍
അപ്പോഴാണ് വ്യെക്തമായത് . അത് വനിതാ Nursing assistantsന്റെ changing room ഉം ,bath room ഉം ആണത്രേ . അത് എനിക്കും ഉപയോഗിക്കാം
. ആ താഴിന്റെ ഒരു താക്കോല്‍ ആണ് എനിക്ക് തന്നത് .ബാക്കി രണ്ടു താക്കോല്‍ nursing assistants ഉപയോഗിക്കും . അതിനു തൊട്ടപ്പുറത്തെ മുറിയും പൂട്ടി ക്കിടക്കുന്നത് കണ്ടു
കാര്യം ചോദിച്ചപ്പോള്‍ വളരെ ക്ഷമയോടെ സ്നേഹമയിയായ ആ സിസ്റ്റര്‍ കാര്യം പറഞ്ഞു
തന്നു .അതു Nurses room ആണ് . അത് അവര്‍ക്ക്
മാത്രം ഉള്ളതാണ് .
ഈ റൂം
സാറിനും ബാക്കി വനിതാ നഴ്സിംഗ് assistants നും കൂടി ഉപയോഗിക്കാം .
അതെ സ്ത്രീ
പുരുഷ സമത്വത്തിനു ഇതില്‍ കൂടുതല്‍ ഉദാത്ത മാതൃക എവിടെ ഉണ്ട് .
അങ്ങനെ ആ
ഉദാത്ത മാതൃകയില്‍ ഭാഗഭാക്കാവാന്‍ എനിക്ക് അവസരം നല്കിയ ആശുപത്രി ഭരണാധികാരികളെ
നന്ദിപൂര്‍വ്വം , ബഹുമാനപുരസ്സരം സ്മരിച്ചു കൊണ്ട് ഞാന്‍ വീട്ടിലേക്കുള്ള
മടക്കയാത്ര തുടങ്ങി .
തിരിച്ചു
ചെല്ലുമ്പോള്‍ നാന്‍സിയുടെ മുഖത്ത് പുഞ്ചിരി ഉണ്ടാവുമോ .
വേണമെങ്കില്‍
എന്റെ മുഖത്ത് പുഞ്ചിരി വേണ്ടേ .
വരട്ടെ ഒരു
പുഞ്ചിരി
"പുഞ്ചിരി
ഹാ കുലീനമാം കള്ളം
നെഞ്ചു കീറി
ഞാന്‍ നേരിനെ കാട്ടാം "
എന്ന
കാവ്യഭാവനെ അങ്ങേയ്ക്കഭിനന്ദനം
