Friday, April 10, 2020

Corona Vishukkani

 

വിഷുക്കണി

 

കരയുന്നതെന്തേ മനസ്സേ മൂകമായ്

കണികാണുന്നേരം പതിവു തെറ്റിച്ച്.

കാണുന്നുവോ കണിക്കൊന്നയിൻ ഹാസത്തിൽ

കദനത്തിൻ കണ്ണു നീർപ്പാടുകൾ നീളെ.

കേൾക്കുന്നുവോ കണി വെള്ളരി-ഗാനത്തിൽ

കരളുലയ്ക്കുന്നൊരു ശോക രസം.

 

വീണ്ടുമാ കർണ്ണികാരങ്ങൾ പൂക്കുമ്പോൾ,

വീണ്ടുമാ കണി ത്താലങ്ങൾ ഒരുങ്ങുമ്പോൾ

വിരിയണം , വിടരണം പുഞ്ചിരി പൂക്കൾ

നാടായ നാട്ടിലും, കാട്ടിലും മേട്ടിലും.

ഇന്നത്തെ കർമ്മങ്ങളിന്നത്തെ കരുതൽ

നാളത്തെ പുഞ്ചിരിയ്ക്കായുള്ള വിത്തുകൾ

 

കണി കാണാൻ പോലും കാണരുതിനിയും

കനകം വിളയുമി നാട്ടിൽ ..കൊറോണ.

കൈ കോർക്കാം നമുക്കതിനായി-ട്ടൊന്നായി

കൈയെത്താത്തതാമകലത്തിൽ നിന്നും

Dr BJ, RIO TVM

Thursday, April 9, 2020

Corona Lessons

 

                   കൊറോണ  പാഠങ്ങള്‍  

 

സ്ഥൂല നിരർത്ഥക സമൂഹ സ്തൂപങ്ങളേ....

സൂക്ഷ്മദേഹിയാം ക്ഷുദ്ര കീടത്തിനാലിതാ

സൃത സ്ഫടിക താലം പോല്‍ ഭഗ്നഭന്ജിതം

നിന്‍ ഉദ്ധത ശൂന്യമാം മണി സൌധങ്ങള്‍

 

ഹസ്തദാനങ്ങള്‍ ഹസ്തതാഡനങ്ങളായി

ഹസ്ത പ്രക്ഷാളനം ശീലമായി ,ഹരമായി

ഹസ്തങ്ങള്‍ ചേര്‍ത്തു നാം ഉപചരിച്ചപ്പോൾ

ഹാ! ഭാരതീയത്തനിമയെ തൊട്ടറിഞ്ഞു വീണ്ടും

 

അദൃശ്യ മുഖാവരണങ്ങളാൽ രഹസ്യഭാവങ്ങൾ

അദൃശ്യമാക്കി നടന്ന മനുജരിന്നിതാ ,

അസദൃശ വിരൂപ മുഖംമൂടി ഞൊറികള്‍ തന്‍

അസ്വസ്ഥതകളാല്‍ വലയുന്നു കഷ്ടം

 

അറിഞ്ഞു നാം ചിലത്, പഠിച്ചു നാം പലത്

അകലമാണടുപ്പം , അകലെയാണു മതങ്ങള്‍

അപരിത്യാജ്യമല്ല അനഘമാമൊരാചാരവും

അതിഗഹനമല്ലി അതിജീവന സത്യങ്ങള്‍

 

മിതത്വമാണ് മഹത്വം , സമത്വമാണ് മന്ത്രം

ശുചിത്വമാണ് തന്ത്രം , ശാസ്ത്രമാണ് സത്യം

കൃത്യമാണ് മാർഗ്ഗം , കൃതാന്തനാണ് ശത്രു

സാഹസങ്ങൾ നിഷിദ്ധം, "സോപ്പാ"ണ് കാമ്യം

 

ക്ലിഷ്ടമാണു കൊറോണക്കാലം,സ്പഷ്ടം.

നഷ്ടമാവരുതി പാഠങ്ങളൊരിക്കലും.

അദൃശ്യ ദൃശ്യ മുഖാവരണങ്ങളെന്യെ

മന്ദഹസിക്കാനാവട്ടെ നമുക്ക് വീണ്ടും

Dr BJ, RIO TVM