നീല നിശീഥിനി കാളിമയെന്തെ നീ നീല നിലാവിനെയിന്നൊളിപ്പിച്ചു നിലയില്ലാക്കയത്തിലൊറ്റക്കു നിന്നൊരു
നീലത്താമര നെടു വീർപ്പിട്ടുനിത്യവുമതിനെ വലം വെച്ചിരുന്നു
നീല മിഴിയാളിരു സ്വർണ്ണമൽസ്യങ്ങൾ
നിര്‍മ്മലനീലസുസ്മിതമിരുതാരങ്ങളും
നിര്‍നിമേഷാക്ഷരായ് ലസിച്ചിരുന്നു
നീച കൈതവകോവിദനൊരു വേടന്‍
നീരവ നികൃതമപഹരിച്ചവരെയൊരു
നിബിഡവനത്തിലങ്ങൊളിപ്പിച്ചു കഷ്ടം.
വിരഹിതവിഹ്വലം വിതുമ്പിയാ താമര
വിരുന്നു വന്നു വിളിക്കാതെന്തിനെന്‍
വിമല വിണ്ടലത്തിലിണ്ടലുമായ്
വികടവികരമേ വിരവിലെന്തിനെൻ
വികാശദീപങ്ങളെ നീയൊളിപ്പിച്ചു
വിധുര വിവശം വിവിക്തമംബുജ
മാകാശഗംഗയെ നോക്കി കേണു
അലിവോടെ ചൊല്ലുകെന്നരുമകളെ നീ
അവനിയിലെങ്ങാനും കണ്ടതുണ്ടോ
അവരുടെ സാമീപ്യ സൌരഭ്യമില്ലെങ്കില്‍
അവരുടെ ഭാഷണ പീയുഷമില്ലെങ്കില്‍
ആദിത്യദര്‍ശനനയനാമൃതം പോലു-
മപ്രിയ കാളകൂടസമം സംസ്ഥിതം
ആദ്യത്തെ ദിനകര കിരണങ്ങളങ്ങ്
ചക്രവാളസീമയില്‍ പുളകം വിതച്ചു
പുത്തനുഷസ്സിന്‍ ഹൃദ്യമാം രാഗങ്ങള്‍
പുല്‍ക്കൊടിത്തുമ്പിലും പുതുമ നിറച്ചു
പുലരി തന്‍ പുഞ്ചിരി പങ്കു വാങ്ങാതാ
പരിമൃദു പങ്കജം പരിഭവം പൂണ്ടു
പുലരൊളി വെള്ളി വെളിച്ചത്തില്‍ നിന്നും
പഞ്ചഗൂഢത്തെ പോല്‍ മുഖം മറച്ചു
പഞ്ചവര്‍ണ്ണക്കിളി പൈങ്കിളിയൊന്നാ
പങ്കജ കര്‍ണ്ണത്തില്‍ പാട്ട് മൂളി
പങ്കപ്പാടുകളോര്‍മ്മയാകു,മുല്ലാസ
പുല്ലാങ്കുഴല്‍ നാദം പുനര്‍ജ്ജനിക്കും
പത്തുനാള്‍ കാക്കുക പത്മമേ നീ
പത്മിനി മദ്ധ്യത്തില്‍ തപസ്സിരിക്കൂ
പകലിന്‍റെ നാഥനും സാന്ത്വനമേകി
പവിഴക്കതിരിനാലൊരുമ്മ നൽകി
ആദിത്യ സ്യന്ദനമാഴിയില്‍ താണു
അമ്പിളി ക്കലയൊരു താരാട്ട് പാടി
ഒമ്പത് നാളുകള്‍ ബാക്കിയാണിനിയും
അംബുജമേ നീയുറങ്ങാരിരാരോ
അംബുദദുഗ്ദ്ധം നുകർന്നുനുകർന്നാ
അമ്പിളി പൈതല്‍ വളര്‍ന്നു വന്നു
അംബുജബന്ധുവോ ഒമ്പത് വട്ടമാ
അബ്ധിയില്‍ മുങ്ങി ക്കുളിച്ചു വന്നു
പത്തര മാറ്റുള്ള തങ്കത്തളിക പോല്‍
പത്താം ദിനത്തിലെ ദിനകര ഹാസം
നീലക്കൊടുവേലി തോല്‍ക്കുമാറന്നാ
നീലത്താമര മിഴികള്‍ തുറന്നു
നീലജലാശയ പരപ്പിലെ ഓളങ്ങൾ
നീരജ തോഴനെ പുൽകി ചിരിച്ചു
നീറ്റിലെ വിസ്മയ കാഴ്ചകൾ കണ്ടാ
നീരജമിഴികളില്‍ ഹര്‍ഷ ബാഷ്പം
പ്രത്യാഗതരാം സ്വര്‍ണ്ണ മത്സ്യങ്ങളൊരു
പ്രത്യാസന്ന പ്രദക്ഷിണ നൃത്തത്താല്‍
പ്രത്യുഷത്തില്‍ പുളകം വിതയ്ക്കുന്നു
പ്രത്യക്ഷമാണൊരു പുതു വര്‍ണ്ണരാജിയും
നക്ഷത്ര ധൂളിയാല്‍ അഞ്ചിതമാണിപ്പോള്‍
അവരുടെ കാഞ്ചന നീരാള കംബളം
നീല നക്ഷത്രങ്ങളെ നിങ്ങളിലാരാനും
പൊട്ടി ത്തകര്‍ ന്നിങ്ങു താഴെ വീണോ
എങ്കിലുമവരുടെ നര്‍ത്തന താളത്തില്‍
എവിടെയോ ഒരപശ്രുതി വേദ്യമല്ലേ
കാഞ്ചന മുഖകാന്തി പ്രഭയിലെങ്ങോ
കാളുകയല്ലേ ഘന നൊമ്പരനിഴലും
മാനത്തിനശ്രുക്കള്‍ വന്നു വീണ,പ്പോഴാ
കഞ്ജ ദളങ്ങളെയാര്‍ദ്രമാക്കി
മാനത്തു കണ്ണ് , നട്ടപ്പോള്‍ കണ്ടതോ
മാനസമുലയുന്നമാലെഴും കാഴ്ച
ക്രൌഞ്ച മിഥുനങ്ങള്‍ പോലെ ലസിച്ച
നക്ഷത്ര യുഗ്മത്തിന്‍ വേദികയില്‍
നിതാന്ത ശോക നിരാസിതയായൊരു
ഏകാന്ത താരക റാണി മാത്രം
താതതാരങ്ങളെ തനയ സുഖത്തിനായ്
തപസ്സനുഷ്ഠിക്കും താപസശ്രേഷ്ഠരേ
തമസ്സിലലിയും സമയത്തും സുതർക്കായ്
തപിക്കുവോരേ ...... സ്വസ്ത്യസ്തു
Dr Biju John; (1/12/2020)
വികരം=രോഗം
വികാശം= ആകാശം; സ്വര്‍ഗം
വിവിക്ത=അകറ്റിനിര്‍ത്തപ്പെട്ട
പഞ്ചഗൂഢം= ആമ
സ്യന്ദനം=തേര്
അംബുദം=മേഘം
അംബുജബന്ധു= സൂര്യന്‍
പ്രത്യാഗതര്‍=തിരിച്ചുവന്നവര്‍
പ്രത്യാസന്ന= സമീപമുള്ള, അടുത്തിരിക്കുന്ന
പ്രത്യുഷം= പ്രഭാതം
കഞ്ജം, നീരജം,അംബുജം = താമര

