ആനവണ്ടീലെ കാഴ്ചകൾ
--------------------------------------------- ആനവണ്ടിയിലന്നൊരുനാൾ ഞാനാസനസ്ഥനായ് രാവിലെആവലാതികളോടിയെത്തിയാക്രമിച്ചെൻ മനസ്സിനെ
ആരവങ്ങളുമനിലനും അംബരത്തിലെ കാഴ്ചയും
അകമ്പടിയാരുണകിരണ താപവും ധൂളിയും
അനിഷ്ടമിത്തിരി തോന്നിയോ, തോഴരോടവരുണ്ടെങ്കിൽ
കാറിനുള്ളിലെ ശീതളിമയിൽ യാത്രയിന്നും തുടർന്നേനെ
ഏറെ നാളുകളായി സർക്കാർ , ശകടത്തിലൊന്നേറിയിട്ട്
ഏറെ നേരം യാത്രയുണ്ടു ,ഞാനാണ്ടു ചുറ്റിലെ കാഴ്ചയിൽ
കണ്ണുകളോ ചെന്നുവീണു , ചഞ്ചലമിരുമിഴികളിൽ
ചന്ദനത്തിൻ വർണ്ണമേലും മഞ്ജുളാംഗിയൊന്നതാ
ചന്ദ്രികാർച്ചിത രാവിലെ രാപ്പാടി പോൽ മൊഴിയുന്നു കേൾ
"ടിക്കറ്റെടുക്കണേ ചേട്ടാ ചൊല്ലൂ യാത്രയെങ്ങോട്ടാണെന്ന് "
വിസ്മയത്തോടാദരവോടവളെ നോക്കി പുഞ്ചിരിച്ചൊരു
നൂറു രൂപാ നോട്ടു വെച്ചാ പേലവമാം കരതലത്തിൽ
കാര്യനിർവ്വകയാണ് തന്വിയാ വൻശകടത്തിൻ നായിക
കാലമവളെയെത്തിച്ചതീ ശ്രമകരമാം വേലയിൽ
കമ്രമോഹന വദനത്തിലെ കാമ്യസ്മിതം മായാതെ
കൂവളമിഴിയിണകളിലെ തിളക്കമൊട്ടും ചോരാതെ
കങ്കണാഞ്ചിത കൈകളിലെ ഗാനമാധുരി കുറയാതെ
നൂപുരങ്ങൾ കൊഞ്ചും കണ-ങ്കാലിൻ ക്ഷീണമറിയാതെ
യാത്രികരെ കയറ്റിയിറക്കി , യാത്രക്കൂലി വാങ്ങിയും
മണിച്ചരടാൽ സാരഥിയ്ക്കായ് സന്ദേശങ്ങൾ കൈമാറിയും
'
മത്സ്യകന്യക പോലെയവളാ ജനതതിയിലൂടൂളിയിട്ടാ
യാനത്തിൻ്റെയതിരുകളെ കീഴ്‌പ്പെടുത്തി നടന്നിടുന്നു .
തൈയലാൾക്കായ് നീക്കിവെച്ച ലളിത പീഠം കേഴുന്നു
"അഹല്യയാമെനിക്കു നീ നിൻ സ്പർശനത്താൽ മോക്ഷമേകൂ"
നോക്കിയില്ലാ ഭാഗത്തേക്കവൾ , നോക്കിയെന്നെ വീണ്ടുമൊരു
മധുരസ്മിതത്താൽ തഴുകി , വന്നണഞ്ഞു ചാരെ
തേനുലാവും പുഞ്ചിരിയെൻ മനം കുളിർപ്പിച്ചെങ്കിലും
ശങ്കയുണ്ടായോമലാളറിഞ്ഞുവോ എൻ ചിന്തകൾ
ശങ്ക മാറി മങ്കയുടെ പങ്കമില്ലാ തേൻ മൊഴിയാൽ
"ബാക്കി വേണ്ടേ ? ചേട്ടായങ്ങേക്കിറങ്ങുവാൻ സമയമായ്"
സസ്മിതം ബാക്കി തന്നു , വാർമുടിയാൾ നടന്നു നീങ്ങി
ബാക്കിയായി ഞാനുമാ -യാത്ര തൻ സുഖസ്‌മൃതികളും
കർമ്മഭൂമിയെ സ്വർഗ്ഗമാക്കും കോമളാംഗി , നീയെൻ വിരസ
യാത്രയെയും സരസമാക്കി , സ്വീകരിക്കെൻ ഭാവുകങ്ങൾ
അമ്മയായി ഭാര്യയായി , സ്നേഹമുള്ള മകളുമായ്
ദീപ്തമാക്കി നീ നയിക്കും കുടുംബയാനം പോലവെ
അഷ്ടി തേടി ക്ലിഷ്ടതകൾ സഹിച്ചു നീ ഹർഷമോടെ
നയിക്കുമീ യാത്രയാനമേകുമെന്നും സുകൃത വൃഷ്ടി
കാറിലെന്നും യാത്ര ചെയ്യും തോഴരേയറിക നിങ്ങൾ
കാറൊഴിഞ്ഞ മാനം പോലാണാന വണ്ടീലെ കാഴ്ചകൾ
അനിലൻ = കാറ്റ്
അംബരം = ആകാശം
അരുണൻ = സൂര്യൻ
പേലവ = മാർദ്ദവമുള്ള
കാര്യനിർവ്വക= Conductor
കമ്ര= മനോഹരമായ
കങ്കണാഞ്ചിത= കൈവളകളാൽ അലം കൃതമായ
തൈയലാൾ=തരുണി; സ്ത്രീ
തൈയലാൾക്കായ് നീക്കിവെച്ച ലളിത പീഠം = Seat reserved for the lady conductor
പങ്കമില്ലാ= കളങ്കമില്ലാത്ത