Monday, May 18, 2020

കോവിട് കൊണ്ട് വന്ന മാറ്റങ്ങൾ

 

         മാറ്റങ്ങൾ

മാറ്റങ്ങൾ മാറ്റങ്ങൾ നല്ലതിനാവട്ടെ

മനസ്സിനും മാറ്റങ്ങൾ വന്നു ഭവിക്കട്ടെ

 

മാറുന്നു പ്രകൃതിയും തകൃതിയിൽ തന്നെ

മാറാതിരിക്കാൻ ആവുമോ മനുജനും

 

വായുവും വെള്ളവും ശുദ്ധമാകുന്നിതാ

വാനവും വാരിയും ഏറ്റു പാടുന്നിതാ

 

നഗരവും നാടും വിജനമാവുന്നിതാ

ഉരഗങ്ങളുൽക്കടമാർന്നു വിലസുന്നു

 

സാരമുള്ളാരേം നിരത്തിലിൽ കാണാഞ്ഞ്

സാരമേയങ്ങൾ നിരന്നു കിടക്കുന്നു

 

വിദ്യസമ്പാദന വിഘ്‌നങ്ങളായ് കണ്ടു

നിർദയം ഭ്രഷ്ട് നാം കല്പിച്ച ഫോണോ

 

വിദ്യാലയങ്ങൾ തന്നെയായ്‌ മാറി

പദ്യവും ഗദ്യവും ശബ്ദമായി

 

ദേവാലയങ്ങളിൽ ആളൊഴിഞ്ഞപ്പോള്‍ 

ഹൃദയാലയങ്ങളിൽ ദൈവമുണർന്നു

 

കണ്ണാടി കാണുമ്പോൾ പെൺമണിമാരുടെ

കണ്ണു നിറയുന്നു , കാരണമെന്തോ

 

വദനത്തിന്‍ വേദനയാകുമി മാസ്ക്

ചെങ്ങാതിയായിനി , കണ്ണാടി വേണ്ട

 

അടുക്കള കാണാത്ത പൂരുഷന്മാരിതാ

അടുക്കളചരിതങ്ങൾ മാറ്റിയെഴുതുന്നു

 

ഊണിനു ശേഷമാ ഹസ്തങ്ങള്‍ കാട്ടും

ഉദകാന്വേഷണ തല്‍പരത,യിപ്പോള്‍

 

ഊണിലും കാണാം ഉറക്കത്തിലും കാണാം

ഉന്മത്തരാണ് ജലത്താലവയിപ്പോ

 

മാറുന്നു കാഴ്ചകള്‍ , മാറുന്നു ലോകം

മാറ്റത്തിന്‍ കാറ്റില്‍ ഉലയുന്നുണ്ടുലകം

 

അറിയില്ല കാരണം ,അറിയണ്ട ഞാനീ

അറിവില്ലായ്‌മയിൽ നിർവൃതി കൊള്ളട്ടെ

 

അറിവുള്ളവരെല്ലാം അറിയാത്തോരേതോ

അണുവിനെ പേടിച്ചകത്തൊളിച്ചു

 

അറിയാമിതൊന്നി ലോകത്തു പലതും

മാറിമറിയുന്നു , മാറാല മായുന്നു.

 

മാറ്റങ്ങൾ മാറ്റങ്ങൾ നല്ലതിനാവട്ടെ

മനസ്സിനും മാറ്റങ്ങൾ വന്നു ഭവിക്കട്ടെ

Dr BJ

Saturday, May 9, 2020

 

                        അമ്മ

സ്നേഹവും സഹനവും സമ്മേളിച്ചാല്‍

ക്ഷമയും ശക്തിയും ഒത്തു വന്നാല്‍

ത്യാഗവും കരുതലും ഒത്തു ചേര്‍ന്നാല്‍  

ഹൃദയത്തിൽ സംഗീതം ലയിച്ചു ചേര്‍ന്നാല്‍

 

ഹൃദ്യമാം അക്ഷരം രണ്ടു കൊണ്ടാദിവ്യ

തേജസ്സിനെ നമിച്ചാരാധിക്കാം

ഹൃദയത്തിൻ ആഴത്തിൽ ലിഖിതമാണാ

മന്നിൽ  നാം ചൊല്ലിയ ആദ്യാക്ഷരങ്ങൾ

 

അമ്മയെനുള്ള രണ്ടക്ഷരമതിനുടെ

മർമ്മരം പോലും മംഗള മനോജ്ഞം

അനുസ്യൂത സ്നേഹ പ്രവാഹത്തിൻ

അനഘ ചിരന്തന ഗംഗാ പ്രവാഹം

 

ആദ്യത്തെ പുഞ്ചിരി പൂനിലാവും

ആദ്യത്തെ സ്നേഹ ചുംബനവും

ആദ്യരസനാ മധുരാനുഭൂതിയും

ആദ്യത്തെ സംഗീത സാന്ത്വനവും

 

ആദിമദ്ധ്യാന്തം വഴി തെളിക്കുന്ന

ആദ്യപാഠങ്ങള്‍ തന്നെ സത്യം

ആദിയുമന്ത്യവുമില്ലാത്തവന്‍

അമ്മയായ് അവതരിച്ചോതിയവ

 

Happy Mothers Day

Dr BJ, RIO TVM

Friday, May 8, 2020

 

    ഒരു ചക്കയുടെ ആത്മഗതം (Dr BJ)

നിന്ദിച്ചു പലപ്പോൾ വന്ദിച്ചു ചിലപ്പോള്‍

ഗൗനിച്ചില്ലൊരിക്കലും യാഥായുക്തം

 

പരുക്കനാമെൻ പുറംതോടിനുള്ളിലെ

പെരുത്ത ഗുണങ്ങൾ തിരിച്ചറിഞ്ഞവര്‍

 

സംസ്ഥാനഫലമെന്നു ചൊല്ലിയുയര്‍ത്തി

സമുന്നത സ്തൂപമൊന്നതില്‍ പ്രതിഷ്ഠിച്ചു

 

ഉയര്‍ന്നു ഞാന്‍ വീണ്ടുമാ കൈരളി നഭസ്സില്‍

ഉയരമാണെന്നുമെന്‍ പരാജയ ഹേതുവും

 

ഉയരങ്ങള്‍ കീഴടക്കി ഉയരുമ്പോഴോര്‍ക്കുക

ഉര്‍വ്വരമല്ലൊരിക്കലുമാ ഉന്നത ശ്രേണികള്‍

 

യൌവന സിദ്ധമാം ചാരുതയൊട്ടുമെന്‍

സ്ഥൂലമാം ശരീര ചാരത്തു വന്നില്ല

 

സ്തോഭമുള്ളില്‍ നിറഞ്ഞതറിഞ്ഞാവാം

സസ്പ്രിഹം സ്പർശിച്ചു പ്രകൃതിയെന്നെ

 

തകൃതിയിൽ മാറിയെൻ പ്രകൃതവും ചെമ്മെ

പ്രകൃതിയിൻ വികൃതികൾ വിസ്മയം തന്നെ

 

ചെറുശോണിമയാർന്നു ,സുരഭിലയായി

നറുകാന്തിയിയന്നേതോ പദസ്വനത്തിനായ്

 

അധോമുഖയായ് കാത്തിരുന്നു ഞാനെൻ

ജീവിത സത്തയാ പാദത്തിലർപ്പിക്കാൻ

 

വന്നില്ലന്നൊരു ചെറു കുരുകിൽ പോലും

നിന്നില്ലരുകിലൊരു ചെറുപൈതൽ പോലും

 

വ്രണിത വിപന്ന ഗാത്രിയായി ഞാനെൻ

മാതൃപാദനികടെ വീണൊരു നാളിൽ

 

ആർത്തിയോടെന്നെ ഭോഗിക്കുവാനായ്

ആർത്തിരമ്പിയെത്തി ക്ഷുദ്ര കീടങ്ങൾ

 

കൊതിച്ചു ഞാനപ്പോൾ നിൻ രസനയിൽ

കേവലമൊരു രസക്കൂട്ടായടിഞ്ഞു ചേരാൻ

 

തന്നില്ലെനിക്കൊരു കടാക്ഷം പോലുമന്ന് നീ

വന്നു വീണു ഹാ ശിരസ്സിലൊരുമിനീർ ധാര

 

വർഷമൊന്നു കഴിഞ്ഞു പഞ്ചഭൂതങ്ങളായി

വർഷമായ് , മാതൃ സന്നിധിയിൽ വീണ്ടും

 

എത്തി ഞാനാ ദിവ്യ പ്രപഞ്ചപ്രവാഹത്താൽ

സത്വ ഗുണങ്ങളാൽ വിളങ്ങിയാ മാതൃമേനി

 

കണ്ടു ഞാനമ്പരപ്പോടുൾകുളിരോടതാ

മണ്ടി നടക്കുന്നു മനുജരെന്നമ്മയ്ക്ക് ചുറ്റും

 

കാണുവാനില്ലമ്മ തൻ ഉണ്ണികളാരെയുമാ

അംബരോന്മുഖ ചില്ലകളൊന്നിലും,നൂനം

 

മുതിരുവാൻ പോലുമനുവദിക്കാതവരെ

മുഴുവനായടർത്തിയെടുത്തതെന്തിങ്ങനെ

 

മുഴുവനായെന്നെയുപേക്ഷിച്ചു പുച്ഛിച്ചവർ

മുഴുവനിന്നു ശിരസ്സേറ്റുന്നെൻ ഭ്രാതാക്കളെ

 

ചിതറിയൊരെൻ മെയ്യിലുമിനീർ കണങ്ങൾ

ചിതറിച്ചു പലരുമവജ്ഞയാലന്ന്, ഇന്നോ

 

ചിരകുന്നു തിരയുന്നി തായ് മരചോട്ടിലീ

അമ്മ തൻ ദൗഹിത്ര വിത്തുകൾക്കായി

 

ചക്കയാണിതെന്തു ചെയ്യുമെന്നോതിയന്ന്

പഴംചാക്കു പോലുപേക്ഷിച്ച ലോകരിന്ന്

 

ചക്കക്കുരുവും ചകിണിയുമിലയുമാ,

മടലിനെ പോലുമിന്നാശ്ലേഷിക്കുന്നു

 

അറിയില്ല കാരണം ,അറിയണ്ട ഞാനീ

അറിവില്ലായ്‌മയിൽ നിർവൃതി കൊള്ളട്ടെ

 

അറിവുള്ളവരെല്ലാം അറിയാത്തോരേതോ

അണുവിനെ പേടിച്ചകത്തൊളിച്ചു

 

അറിയാമൊന്നെനിക്ക് ലോകത്തു പലതും

മാറിമറിയുന്നു , മാറാല മായുന്നു.

 

വായുവും വെള്ളവും ശുദ്ധമാകുന്നിതാ

വാനവും വാരിയും ഏറ്റു പാടുന്നിതാ

 

മാറ്റങ്ങൾ മാറ്റങ്ങൾ നല്ലതിനാവട്ടെ

മനസ്സിനും മാറ്റങ്ങൾ വന്നു ഭവിക്കട്ടെ

Dr BJ RIO TVM