ഒരു ചക്കയുടെ ആത്മഗതം (Dr BJ)
നിന്ദിച്ചു പലപ്പോൾ വന്ദിച്ചു ചിലപ്പോള്‍
ഗൗനിച്ചില്ലൊരിക്കലും യാഥായുക്തം
പരുക്കനാമെൻ പുറംതോടിനുള്ളിലെ
പെരുത്ത ഗുണങ്ങൾ തിരിച്ചറിഞ്ഞവര്‍
സംസ്ഥാനഫലമെന്നു ചൊല്ലിയുയര്‍ത്തി
സമുന്നത സ്തൂപമൊന്നതില്‍ പ്രതിഷ്ഠിച്ചു
ഉയര്‍ന്നു ഞാന്‍ വീണ്ടുമാ കൈരളി നഭസ്സില്‍
ഉയരമാണെന്നുമെന്‍ പരാജയ ഹേതുവും
ഉയരങ്ങള്‍ കീഴടക്കി ഉയരുമ്പോഴോര്‍ക്കുക
ഉര്‍വ്വരമല്ലൊരിക്കലുമാ ഉന്നത ശ്രേണികള്‍
യൌവന സിദ്ധമാം ചാരുതയൊട്ടുമെന്‍
സ്ഥൂലമാം ശരീര ചാരത്തു വന്നില്ല
സ്തോഭമുള്ളില്‍ നിറഞ്ഞതറിഞ്ഞാവാം
സസ്പ്രിഹം സ്പർശിച്ചു പ്രകൃതിയെന്നെ
തകൃതിയിൽ മാറിയെൻ പ്രകൃതവും ചെമ്മെ
പ്രകൃതിയിൻ വികൃതികൾ വിസ്മയം തന്നെ
ചെറുശോണിമയാർന്നു ,സുരഭിലയായി
നറുകാന്തിയിയന്നേതോ പദസ്വനത്തിനായ്
അധോമുഖയായ് കാത്തിരുന്നു ഞാനെൻ
ജീവിത സത്തയാ പാദത്തിലർപ്പിക്കാൻ
വന്നില്ലന്നൊരു ചെറു കുരുകിൽ പോലും
നിന്നില്ലരുകിലൊരു ചെറുപൈതൽ പോലും
വ്രണിത വിപന്ന ഗാത്രിയായി ഞാനെൻ
മാതൃപാദനികടെ വീണൊരു നാളിൽ
ആർത്തിയോടെന്നെ ഭോഗിക്കുവാനായ്
ആർത്തിരമ്പിയെത്തി ക്ഷുദ്ര കീടങ്ങൾ
കൊതിച്ചു ഞാനപ്പോൾ നിൻ രസനയിൽ
കേവലമൊരു രസക്കൂട്ടായടിഞ്ഞു ചേരാൻ
തന്നില്ലെനിക്കൊരു കടാക്ഷം പോലുമന്ന് നീ
വന്നു വീണു ഹാ ശിരസ്സിലൊരുമിനീർ ധാര
വർഷമൊന്നു കഴിഞ്ഞു പഞ്ചഭൂതങ്ങളായി
വർഷമായ് ,ആ മാതൃ സന്നിധിയിൽ വീണ്ടും
എത്തി ഞാനാ ദിവ്യ പ്രപഞ്ചപ്രവാഹത്താൽ
സത്വ ഗുണങ്ങളാൽ വിളങ്ങിയാ മാതൃമേനി
കണ്ടു ഞാനമ്പരപ്പോടുൾകുളിരോടതാ
മണ്ടി നടക്കുന്നു മനുജരെന്നമ്മയ്ക്ക് ചുറ്റും
കാണുവാനില്ലമ്മ തൻ ഉണ്ണികളാരെയുമാ
അംബരോന്മുഖ ചില്ലകളൊന്നിലും,നൂനം
മുതിരുവാൻ പോലുമനുവദിക്കാതവരെ
മുഴുവനായടർത്തിയെടുത്തതെന്തിങ്ങനെ
മുഴുവനായെന്നെയുപേക്ഷിച്ചു പുച്ഛിച്ചവർ
മുഴുവനിന്നു ശിരസ്സേറ്റുന്നെൻ ഭ്രാതാക്കളെ
ചിതറിയൊരെൻ മെയ്യിലുമിനീർ കണങ്ങൾ
ചിതറിച്ചു പലരുമവജ്ഞയാലന്ന്, ഇന്നോ
ചിരകുന്നു തിരയുന്നി തായ് മരചോട്ടിലീ
അമ്മ തൻ ദൗഹിത്ര വിത്തുകൾക്കായി
ചക്കയാണിതെന്തു ചെയ്യുമെന്നോതിയന്ന്
പഴംചാക്കു പോലുപേക്ഷിച്ച ലോകരിന്ന്
ചക്കക്കുരുവും ചകിണിയുമിലയുമാ,
മടലിനെ പോലുമിന്നാശ്ലേഷിക്കുന്നു
അറിയില്ല കാരണം ,അറിയണ്ട ഞാനീ
അറിവില്ലായ്‌മയിൽ നിർവൃതി കൊള്ളട്ടെ
അറിവുള്ളവരെല്ലാം അറിയാത്തോരേതോ
അണുവിനെ പേടിച്ചകത്തൊളിച്ചു
അറിയാമൊന്നെനിക്ക് ലോകത്തു പലതും
മാറിമറിയുന്നു , മാറാല മായുന്നു.
വായുവും വെള്ളവും ശുദ്ധമാകുന്നിതാ
വാനവും വാരിയും ഏറ്റു പാടുന്നിതാ
മാറ്റങ്ങൾ മാറ്റങ്ങൾ നല്ലതിനാവട്ടെ
മനസ്സിനും മാറ്റങ്ങൾ വന്നു ഭവിക്കട്ടെ
Dr BJ RIO TVM

No comments:
Post a Comment