Thursday, April 15, 2021

അമ്മെ ഉണരൂ

                     അമ്മെ ഉണരൂ 


ഒരു ദീന രോദനം മാറ്റൊലി കൊള്ളുന്നു 

ഒരു ദുഃഖ ഭേരി തൻ പെരുമ്പറ മുഴങ്ങുന്നു 

സഹ്യന്‍റെ സസ്പൃഹ ഹൃദയം തേങ്ങു-

ന്നസഹ്യമാമൊരു സങ്കട കാഴ്ചയിൽ 


മരതക പച്ച പുതച്ചൊരാചെരുവിൽ 

മാമല മേടിൻ കുളിർ മടി തട്ടിൽ 

കാമന വറ്റിയ കരിമ്പാറ പോലൊരു 

ചേതനയറ്റൊരു പെൺ ഗജഗാത്രം 


ദീർഘഗഹനമാം മാതൃസുഷുപ്തിയിൻ 

പൊരുളറിയാതൊരു കുട്ടി കൊമ്പൻ

കരളു വരളുമാറാടുന്നു ചേഷ്ടകൾ 

തരളവിഹ്വലമൊരു സരളമരാള സമം


തട്ടുന്നു , തഴുകുന്നു ചെറുതുമ്പിയാലമ്മയെ 

ഒട്ടു നിൽക്കുന്നു വിഭ്രമത്താൽ , പിന്നാഞ്ഞു 

മുട്ടുന്നു കുഞ്ഞു മസ്തകത്താലവനുല് -

ഭവിച്ചൊരാ ഗർഭപാത്രത്തെ വീണ്ടും . 


നിഷ്ഫലമദ്ധ്വാനമുണരുന്നില്ലമ്മ,യങ്ങു -

ച്ചത്തിൽ ചിന്നം  വിളിച്ചവനോടുന്നാ 

നിശ്ചലപിണത്തിനെ ചുറ്റുന്നനാരതം

നിശ്ചേഷ്‌ടശോകംനിശ്ശബ്ദം പ്രകൃതി .


തിര്യക്കിൻ ഭാഷ തിരിച്ചറിയുന്നോർ 

ചൊല്ലിയെന്നോടവൻ ചൊല്ലലിന്നിങ്ങനെ

തിരിച്ചറിവില്ലാത്ത ലോകമേ ശ്രവിക്കുകാ

കാതര യാതനാ ദുഃഖ ഗീതം 


"കുറുമ്പിനി കാട്ടില്ലയമ്മേ ഞാനിനി

അരുതാത്തതൊന്നും ചെയ്കയില്ല

ഓർമ്മയിൽ വിങ്ങുന്നൻപാർന്നു നീയേവം

ചൊല്ലിയ വാക്കുകൾ ,തീക്ഷ്ണമായി 


പാടില്ല മകനെ അവിടേക്കു പോകാ,തതാ 

ചതുരനാം ഇരുകാലി ജന്തുവിൻ ഗേഹം 

ഒട്ടുനാൾ മുമ്പു നിന്നച്ഛനു ,കൺമണീ

പട്ടടയേകിയി കെട്ടതാം തട്ടകം


മസ്തകം തകർക്കുമാറുഗ്രമായ് പൊട്ടുന്ന 

മധുര ഫലങ്ങളും വിഷമുള്ള കനികളും 

അഗ്നിസ്ഫുലിംഗമായംഗം തകർക്കുന്ന 

ആലക്തികോർജ്ജവും ഗുപ്‌തമാണവിടെ 


ചൊല്ലി നീ ദീനം ഹാ ഗൗനിച്ചില്ല ഞാൻ 

മണ്ടി യുത്സാഹ കൂതൂഹല ഗാത്രനായ്‌ 

പിന്നിൽ നിൻ ദൃഢ കാലടി ശബ്ദമ,തെന്നു

മെൻ കുസൃതികൾക്കാവേശമായി


പാടില്ലയെന്നെത്ര വിലക്കി നീ പക്ഷെ 

പാടുപെട്ടെന്നിട്ടുമനുഗമിക്കുന്നെന്നെ 

പട്ടു പോലുള്ള നിൻ തുമ്പിക്കൈസ്പർശ 

പാട്ടിനാൽ സാന്ത്വനമെന്നുമേകുന്നു 


ശക്തിയേകുന്നൊരാ പാദനിസ്വനം 

നിലച്ചതറിഞ്ഞു ഞാൻ പിന്തിരിഞ്ഞപ്പോൾ 

കണ്ടതോ നിശ്ചലം ശിലാസമം നീയൊര-

ഗാധമാം നിദ്ര തൻ ഗഹ്വരത്തിൽ 


എഴുനേൽക്കുകമ്മെ പിണക്കം മതിയാക്കു 

നിന്നോമന കുട്ടനെയൊന്നു നോക്കൂ 

കുറുമ്പിനി കാട്ടില്ലയമ്മേ ഞാനിനി

അരുതാത്തതൊന്നും ചെയ്കയില്ല 


ആരവം കേൾക്കുന്നമ്മേയായിരുകാലി

ക്കൂട്ടങ്ങളിങ്ങോട്ടെത്തുമിപ്പോൾ

ആവുന്ന പോലെ തടുക്കുമവരെ പക്ഷേ,

ആവതില്ലമ്മേ ഞാൻ കുട്ടിയല്ലേ


എഴുനേൽക്കുകമ്മെ പിണക്കം മതിയാക്കു 

നിന്നോമന കുട്ടനെയൊന്നു നോക്കൂ 

കുറുമ്പിനി കാട്ടില്ലയമ്മേ ഞാനിനി

അരുതാത്തതൊന്നും ചെയ്കയില്ല "


സഹ്യ ശ്രിംഗങ്ങളിൽ തട്ടിതകർന്നങ്ങു 

പൊട്ടി ചിതറുന്നാ കണ്ണീർ വിലാപം 

പൊട്ടിക്കരയുവാൻ പോലുമാവാതൊരു 

പൊട്ടിയ പട്ടമായ് ഗാഡ്ഗിലിൻ പഠനവും .

Dr Biju John


നാഴികക്കല്ലുകൾ

 നാഴികക്കല്ലുകൾ


നാഴികക്കല്ലുകളോരോന്നും
നാളെ തിളങ്ങണ്ടേ ഓർമ്മയിൽ
നല്ലൊരു നാലു മണിപ്പൂവെങ്കിലുമായ് ?

നാളുകൾ മുന്നോട്ടു നീങ്ങിടുമ്പോൾ
നാളെയിൻ ദൈർഘ്യം കുറഞ്ഞിടുമ്പോൾ
നീഴൽ വീശുമോർമ്മയിൽ നിലാവു വേണ്ടേ ?

നിഴലും നിലാവും അഴലുമഴകുമായ്
അതിശീഘ്രം ജീവിതം പാഞ്ഞിടുമ്പോൾ
സായാഹ്ന ഭേരി തൻ ധ്വനി കളുയരുമ്പോൾ .

ഓട്ടുവിളക്കിലെ ഓരോരോ തിരികളായ്
ഓർമ്മ തെളിക്കുന്ന ചിത്ര വിളക്കായ്
നൽനാഴികക്കല്ലുകൾ കൂടെ വേണ്ടേ ?

അവഗണിക്കരുതാ നക്ഷത്രലിപികളെ
അവനിയിലവയൊരു പിച്ചകത്താരു പോൽ
അവനവനെങ്കിലുമേകണം സൗരഭ്യം

വഴിയോര കാഴ്ചകൾ

 വഴിയോര കാഴ്ചകൾ


കള കള മൃദു രവ ലയ തര നാദം
മധു സമ സുഖകരമനുപദ താളം
സ്വർഗ്ഗ നിസ്സർഗ്ഗ തരംഗിത മേളം
സ്വരങ്ങളേ .... നാദ ലയങ്ങളേ

മണ്ണിനെ വിണ്ണാക്കും വിണ്മയനിർമ്മിത
സുഭഗ സൗഭാഗ്യങ്ങൾ നിങ്ങളല്ലോ .
കണ്ണു തുറക്കൂ കാതു കൊടുക്കു
മനുഷ്യാ തെല്ലൊന്ന് വിശ്രമിക്കു(2)

നിര നിര മടു മലർ ലസിത വിലസിത
ചഞ്ചല ലതികകൾ നർത്തന നിരതിത
മഞ്ജു മനോഹര മഞ്ജിമ തഞ്ചും
വാടികളേ .. പുഷ്പ വനികകളേ

സുരവര മോഹിത ശബളിത സുന്ദര
ശാരദ നീരദ ചുംബിത ലാളിത
കാല്യ കലാമയ കമനീയാസിത
ശശികലേ .... ഇന്ദ്ര ചാപങ്ങളേ

(മണ്ണിനെ വിണ്ണാക്കും.......)

അല കടലലലയാൽ സ്പർശ തരംഗിത
ചെറു കുളിരിയലും അനിലാശ്ലേഷിത
ദിനകര ദീപ്തി നിമജ്ജിത രഞ്ജിത
തീരങ്ങളേ ..... താരണിക്കുന്നുകളേ

വിദ്രുമവിദ്യുല്ലതയാൽ ശോഭിത
ശ്യാമവലാഹകവലയിത തരളിത
ലാലസ മോഹന നർത്തന മാടും
ചിത്രമയൂഖങ്ങളേ ..... ചോലകളേ

(മണ്ണിനെ വിണ്ണാക്കും.......)

സസ്പൃഹ സാന്ത്വന ശാന്തി സമന്വിത -
മനഘ നിരഘ നിരഞ്ജന ജഞ്ജന
അനവധി നിരവധി പല വിധ കാഴ്ചകൾ
ഉണ്മകളേ ...... സ്നിഗ്ദ്ധ വെണ്മകളേ

(മണ്ണിനെ വിണ്ണാക്കും.......)

Tuesday, April 13, 2021

vishukkani

 കണി കാണും നേരം കമലനേത്രൻ

കനിവായിട്ടെന്തുര ചെയ്തു?
കനികളും കർണ്ണികാരവും ചെറ്റു
കളിതമാശകളോതിയോ ?
കണ്ണാകുന്നൊരാ പഞ്ചനാളങ്ങ -
ളക്ഷികളുമായ് സംവദിച്ചോ?
ദർപ്പണത്തിൻ ദർശനം പുതു
ദാർശിനകത ഏകിയോ ?
നാണയത്തിൻ നൽ തിളക്കവും
നാളികേരത്തിൻ നന്മയും
നാളകളെ സമ്പൽസമൃദ്ധമാക്കും
നാന്ദികളായി മാറട്ടെ
കോടികോടി അനുഗ്രഹങ്ങളാ
കോടി മുണ്ടുകളേകട്ടെ
ലക്ഷ്മി പാർവ്വതി സരസ്വതി
സദാ സാനിധ്യമരുളീടട്ടെ