Wednesday, July 27, 2022

 



പ്രണയമരങ്ങൾ. (BJC)
---------------------------
ജീവിതം തന്നെ യാത്രയല്ലേ പിന്നതിൽ
യാത്രകൾ പതിവായാൽ ദുഃഖമെന്തേ
നിത്യമെൻ കൊറ്റിനായ് ദൂരങ്ങൾ താണ്ടാൻ
നിയതിയാൽ ലഭ്യമെനിക്കുമൊരു വരം

വാഹന പങ്കിടൽ പദ്ധതിയിൻ ഗുണം
പാരം നുകർന്നു ദിനങ്ങൾ പോകവേ
കണ്ടു ഞാൻ തെല്ലൊരമ്പരപ്പോടിരു
പാതയോരത്തിലെ നൊമ്പര കാഴ്ചകൾ

തണലും തണുവുമായിന്നലയോളമാ
പാതയെ കാത്തൊരു വന്മരങ്ങൾ
വർഷിഷ്ഠവൃക്ഷങ്ങളംബര ചുംബികൾ
വർഷത്തിൽ സഹർഷം വിതാനം തീർത്തവർ

അടിതെറ്റി നിലതെറ്റി നിലംപറ്റുന്നൊന്നൊന്നായ്
യന്ത്രങ്ങളേന്തും വാളുകൾ തൻ മുന്നിൽ
അട്ടഹസിച്ചോടും മണ്ണിളക്കിയന്ത്രത്തിൻ
പ്രചണ്ഡതാണ്ഡവ നൃത്തത്തിൻ മുന്നിൽ

വികസിക്കുകയാണ് ദേശീയ പാതയെൻ
വിഗമങ്ങൾ സുഗമങ്ങളാവുമിനി
"വിടപികൾ വിഘ്‌നങ്ങൾ തന്നെയല്ലേ?"
വിരസമായ് മന്ത്രിച്ചെൻ സ്വാർത്ഥ മനം

കല്ലായി തീർന്നോരെന്മനസ്ഥൈര്യത്തിൽ
കല്ലോലമായി വന്നാഞടിച്ചപ്പോൾ
കല്ലുവാതിൽക്കലെ സ്വാഗതകല്ലിന്‍റെ
ചാരത്തു നിന്നൊരു കാതര കാഴ്ച

അറവിനായ് നിൽക്കുന്നൊരാട്ടിൻ കൂട്ടത്തി-
ലവസാനയൂഴത്തിനവകാശിയെന്നോണം
വീണു കിടക്കും തൻ തോഴർക്കു നടുവിലായ്
അനിവാര്യ വിധി കാത്തൊരു വൃക്ഷരാജൻ

"ഒന്നല്ല രണ്ടാണതു സൂക്ഷിച്ചു നോക്കുക
ഒന്നിച്ചു ചേർന്നതാണെപ്പഴോ തമ്മിൽ "
കാതു വിദഗ്ധന്‍റെ കർക്കശ ശബ്ദം
കാതിൽ മുഴങ്ങിയൊരിക്കൽ കൂടി

ശകടം നിയന്ത്രിച്ച സർജന്‍റെ പാദം
അറിയാതെ ബ്രേക്കിലമർന്നു മെല്ലെ
അക്ഷികളാറെണ്ണമക്ഷണം പാഞ്ഞു
അക്ഷമയോടാ വൃക്ഷത്തെ തേടി

ശരിയാണനാച്ഛാദിതമായതാ മുമ്പിൽ
അന്യാദ്യശമൊരു ബാന്ധവ ദൃശ്യം
ഒന്നല്ല വൃക്ഷങ്ങൾ രണ്ടു തന്നെ ,പക്ഷെ
അന്യോന്യമാലിംഗനബദ്ധരത്രേ

കണ്ണന്‍റെ മാറിൽ മുഖം ചേർത്തു നിൽക്കും
പ്രേമാർദ്രയാം രാധയെ പോലെ കാണാം
തെല്ലു കറുത്തതാം തായ്ത്തടിയിൽ ചേർന്നു
തെല്ലൊരു നാണത്തോടപരയാം വൃക്ഷസ്ത്രീ

അവളുടെ വെണ്മയും അവനുടെ ശ്യാമവും
അനുരാഗഗാനമായലിയുന്നു ചുറ്റിനും
ആ ഗാനമാധുരിയിലൊരപശ്രുതി തീർക്കാ-
നണയുന്നു ഭീമനാം മണ്ണിളക്കിയന്ത്രം

വികസന പാതയിൽ വിഘ്‌നം തീർക്കുവാൻ
ഇല്ല വരില്ലയീ പ്രണയ മരങ്ങൾ
പറയുന്നതവരിതു മാത്രം , കനിവോടെ കേൾക്കുക
അറിവുള്ളോർക്കിതു വെറും കനവായി തോന്നാം

"ഒന്നിച്ചു ഞങ്ങളെപ്പൊഴോ പൃഥ്‌വിയിൽ
ഒന്നായി പുലർന്നിതാ പരശതം വർഷങ്ങൾ
ഒന്നിച്ചു വേണം വെട്ടി മാറ്റാൻ , ഞങ്ങൾ
ഒന്നായി തന്നെ ബഹിർഗമിക്കട്ടെ"
Dr Biju John
--------------------------------------------
കൊറ്റിനായ് = ഭക്ഷണത്തിനായി (നിത്യവൃത്തി )
വർഷിഷ്ഠ= അധികം വയസ്സു ചെന്ന
വിതാനം = മേൽക്കട്ടി
പ്രചണ്ഡ=കോപമുള്ള, അതിശക്തിയുള്ള,
വിഗമങ്ങൾ =യാത്രകൾ
വിടപി = വൃക്ഷം
കല്ലോലം = തിരമാല

Saturday, May 14, 2022

സൂര്യനെ കാത്ത്

 


പ്രത്യുഷ വാനത്തെ പുളകമണിയിച്ചു
പ്രത്യക്ഷമാകുന്നൊരുദയ സൂര്യനെ
പ്രക്രമവേളയിൽ പ്രതിവന്ദനം ചെയ്യാൻ
പ്രജ്ഞയിൽ പ്രേരണയങ്കുരിച്ചെന്തിനോ

ജീവിതയാനത്തിൽ പങ്കായമെറിയുവാൻ
പങ്കാളിയായ് ചേർന്ന പ്രേയസിയെ കൂട്ടി
ജലയാനമൊന്നിൽ തുഴഞ്ഞു പോയ് ഞാനും
ജലക്രീഡാ തല്പരർ നാലഞ്ച്‌ പേരും

ഉദയ നക്ഷത്രത്തെ സാക്ഷിയാക്കി
ഉറങ്ങും പ്രപഞ്ചത്തെ വേദിയാക്കി
പുന്നമടപ്രാചി പൂകി ഞങ്ങളുൾ
പുളകവുമായങ്ങു നിന്നൂ നിശ്ചലം

ഓടങ്ങൾ തമ്മിൽ കളി പറഞ്ഞു
ഓളങ്ങളാ കഥയേറ്റു ചൊല്ലി
കോമള രാഗങ്ങൾ കോർത്തിണക്കി
കേമമൊരു ഖഗഗാനസദസ്സും

ആവേശഭരിതമാം മാനസങ്ങൾ പക്ഷെ
ആകാശ കാഴ്ചയിലമ്പരന്നു
അംബരാന്തത്തെയംബുദ പാളികൾ
അംഗപ്രദക്ഷിണ വേദിയാക്കി

ആദിത്യദർശനമനുവദിച്ചീടുവാൻ
അമ്പലക്കാവിൽ വിളക്കു നേർന്നൊരുവൻ
അർത്തുങ്കൽ പള്ളിക്കു മെഴുകുതിരിയത്
തൽക്ഷണം നേർന്നതാ മറ്റൊരുവൻ

വെളിച്ചത്തിൻ തുള്ളിയെ മീലനം ചെയ്യാ
നന്ധകാരത്തിന്നാവുമോ ഊഴിയിൽ
സത്യഗോപനത്തിൻ സാധ്യതയോ വെറും
നാലഞ്ചു നാഴിക നേരം മാത്രം

മേഘത്തിൻ മുകളിൽ വിളങ്ങിപൊടുന്നനെ
അരുണാഭ ചിന്നുമൊരര്‍ദ്ധവളയം
ആദിപരാശക്തി തൻ അംഗുലീയമോ
ഏതോ ദേവസ്ത്രീ തൻ കനകനൂപുരമോ

അല്ലലനാച്ഛാദിതമായതാ ദ്യോവിൽ
അനുപമ സുന്ദരമൊരു തങ്കത്തളിക
തൊട്ടു വന്ദിക്കുവാൻ തിരക്കു കൂട്ടുന്നതാ
വെൺ മേഘശകലങ്ങൾ ചുറ്റിലുമായ്

കുങ്കുമം ചാലിച്ചൊരഴകെഴും ചിത്രത്താൽ
കമനീയ പശ്ചാത്തലമൊരുക്കി
കാല്യകലാമയമൊരലൗകിക തൂലിക
കാലങ്ങൾ രചിക്കുമൊരനശ്വര തൂലിക

കായൽപരപ്പിലും അരുണിമ കണ്ടെൻ
കേവല മാനസം സംശയിപ്പൂ
കായൽ രവിയെ പ്രണയിച്ചിരുന്നോ
വദനം തുടുത്തത് നാണത്താലാണോ

പൂർവ്വദിങ്ങ്മുഖഃ ശോണാഭക്കൊത്തൊ
രപൂർവ്വ ശോഭ ലസിക്കും മുഖവുമായ്
യാനപങ്കാളിയുരക്കുന്നു മധുരമായ്
അസ്തമയം കാണാനെന്നു പോണം ?







ടിപ്പണി
--------------
പ്രത്യുഷം = പ്രഭാതം
പ്രക്രമം = ആരംഭം
പുന്നമടപ്രാചി = പുന്നമടക്കായലിന്റെ കിഴക്കു ഭാഗം
ഖഗഗാനസദസ്സ് = പക്ഷികളുടെ ഗാനസദസ്സു
അംബരാന്തം = ആകാശത്തിന്റെ അറ്റം , ചക്രവാളം (ആകാശം കായലിനെ സ്പർശിക്കുന്ന ഭാഗം എന്ന് വിവക്ഷ )
അംബുദം = മേഘം
അംഗപ്രദക്ഷിണം= അംഗംകൊണ്ടുള്ള പ്രദക്ഷിണം, ശയനപ്രദക്ഷിണം
മീലനം = മറയ്ക്കുക
അംഗുലീയം =മോതിരം
നൂപുരം = കൊലുസ്സ്

വീട്

back ground: Was alotted a new unit chief room in the new 7 storey building of RIO Trivandrum in 2020. 



വീട് 

 പട്ടണ മദ്ധ്യത്തിൽ പുത്തൻ സൗധത്തിൽ

ഭാഗ്യമെനിക്കുമൊരു കൊച്ചു മുറി
പുത്തനുണർവുമായ് പുതിയൊരുഷസ്സിൽ
പുത്തനറയിൽ ഞാനാഗതനായ്

വരവേൽക്കുവാനായെത്തീ മാരുതൻ
അജ്ഞാതമേതോ ഗന്ധവും പേറി
സ്വാഗതമോതാനായെത്തിയെവിടുന്നോ
ശാന്തി പരത്തുമൊരജ്ഞാത ശബ്ദവും

ഓംകാര നാദ സുഭഗത തിങ്ങുമാ
ഓമൽ സ്വനം തേടി ഞാനുലാവി
ഓമനപ്രാവൊന്നു കൂടു വെച്ചിട്ടുണ്ട്
ശൗചാലയത്തിലെ ജാലകപ്പടിയിൽ

മാടപ്രാവിനോടൊപ്പമാ മേടയിൽ
മോദമോടങ്ങു കൂടി ഞാനും
കള്ളി പ്രാവിന്റെ ഗന്ധവും പേറി
മാരുതനെത്തുമാ മുറിയിൽ

ഒന്നിച്ചു ഞങ്ങളിരിക്കുമവിടെ-
ന്നിട്ടന്യോന്യം ചുമ്മാ പഴി പറയും
സന്ധിക്കും ഞങ്ങളാ ശൗചാലയത്തിൽ
ശണ്ഠയിട്ടങ്ങനെ നിൽക്കും

എന്നന്തരംഗമാം ഭൂമിക മുഴുവനാ
പ്രാവിൻ ചിലപ്പുകൾ കൈയടക്കി
ഒന്നല്ല ജീവൻ വിടങ്കത്തിനുള്ളിലാ
യമ്മയെ പറ്റി രണ്ടോമൽ കുരുന്നുകൾ

കുറുകുറു നാദവും പല പല കളികളും
ശിക്ഷണ ഭക്ഷണ കേളികളും
സമയ സ്യന്ദന സംയാന വേഗത്തിൽ
ചായങ്ങൾ മാറി പുതു ചമയങ്ങളെത്തി

ഒരു ദിനം കണ്ടു ഞാനാകാശ സീമയെ
പുൽകി പറക്കുമാ പ്രാവിൻ കുടുംബത്തെ
ബാക്കിയായവിടെയെൻ ജാലകപ്പടിയിന്മേലാ
ചെറു കിളിക്കൂട് ....ഗതമൗക്തിക ശുക്തി

വന്നില്ല കപോതങ്ങൾ പിന്നൊരിക്കലുമാ
ചേണറ്റ വസഥത്തെ തേടിയങ്ങോട്ടേക്ക്
ഞാണറ്റ പട്ടത്തെപ്പോലെൻ ചിന്തകൾ
വേരറ്റുയർന്നു മനസ്സിൻ വിഹായസ്സിൽ

മക്കളെ പോറ്റുവാൻ മാത്രമായ് തീർത്തോ
നീയിത്രമേൽ പാടു പെട്ടീ ചെറു ഗേഹം
യാത്ര പറഞ്ഞവർ പോയിടുമ്പോൾ പ്രാവേ
യാത്ര പറയുന്നതെന്തിനു നീയും

മക്കൾക്കു വേണ്ടി പണിയുന്നു വിശാല
വിസ്തൃത ഗേഹങ്ങൾ മാനവരും
വിസ്മയ പച്ചകൾ തേടിയാ സൂനുക്കൾ
സ്മരണകൾ ബാക്കിയാക്കി പറക്കുമ്പോൾ

സ്‌മൃതികളും ശ്രുതികളുമായവർ മേവുന്നു
സാരമേയം കണക്കെ വീട്ടിനു കാവലായ്
സാരം ഗ്രഹിക്കുവാൻ സാധിക്കാതെയെൻ
സാധുമനമിതാ വീണ്ടും കലമ്പുന്നു

വിട വാങ്ങും നേരം വിട ചൊല്ലണമീ
വികട വിക്ലിന്ന വിടങ്കത്തിനോടും
വിയമത്തിൻ സമയം നിയതമാകുമ്പോൾ
വിഷമമാവില്ലേയീ വസതിയിൻ വിസ്താരം

ചിന്തയ്ക്കൊരന്തം വരുത്തുവാനെത്തി തെല്ലും
ചന്തമില്ലാത്തൊരു സന്ദേശ പത്രിക
മാറ്റമാണെനിക്കുമിനി ചൊല്ലിടാം യാത്ര
മാത്രനേരത്തിലീ മുറിയോടെനിക്കും
Dr Biju John C


സ്യന്ദനം : തേര്
സംയാനം: നേരായ മാർഗത്തിലൂടെയുള്ള സഞ്ചാരം; ഗമനം,
വിടങ്കം
പ്രാക്കൂടു്, പ്രാപ്പലക, പക്ഷിക്കൂടു്
ഗതമൗക്തിക ശുക്തി= മുത്തു പോയ മുത്തുച്ചിപ്പി
വസഥം:വാസസ്ഥാനം; കൂടു്, പക്ഷിക്കൂടു്
സൂനുക്കൾ : മക്കൾ
സാരമേയം : നായ
വികട : വിരൂപമായ, വിലക്ഷണമായ;അഹങ്കാരമുള്ള
വിക്ലിന്ന: വി. വാടിയ ;ജീര്‍ണിച്ച

വിയമം: പരപീഡാദിപാപങ്ങളൊന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുക. അടങ്ങുക എന്നർത്ഥം
സുഖക്കേടു്, വേദന, ദുഃഖം

നിലാവും നിശാഗന്ധിയും

നിലാവും നിശാഗന്ധിയും


 ചന്ദന ചാരു ചാമീകര* ശോഭ ചന്തത്തിൽ ചാലിച്ചു നീലനഭസ്സിൽ നീരദ* മാലയിൽ മുങ്ങിയും പൊങ്ങിയും നീരാടി നിന്നൂ തിങ്കൾ ബിംബം


നീല നഭസ്സിലെ നിരുപമ കാഴ്ചയിൽ
നിർന്നിമേഷാക്ഷിയായി നോക്കി നിന്നു
നിർമ്മല സ്മേരാഞ്ചിതയായൊരു
നിസ്തുല നിരുപമ നിശാഗന്ധി.

നിശയുടെ റാണിയെ കണ്ടൊരു നേരം
രാവിന്‍റെ രാജനോ രാഗാദ്രനായി
രാക്കിളി പാട്ടുകാർ തംബുരു മീട്ടി
രജനീഗന്ധിയോ തരളിതയായി

രാഗവും താളവും ഒത്തുചേർന്നു
ഓളവും തീരവും കഥ പറഞ്ഞു
ശീതളകൗമുദി* കരലാളനത്താൽ
പുഷ്പമോ ലജ്ജാ ജാജ്വല്യയായി

പുഷ്യരാഗത്തിൻ തിളക്കം പോലൊരു
പുഷ്പജ* തുള്ളിയാ പുഷ്പദലത്തിൽ
പേലവമേതോ ഗളത്തിൽ തിളങ്ങും
മുക്തക ഭൂഷണം പോലതാ കാണ്മൂ

തിരസ്കൃതനായൊരു നിശാശലഭത്തിൻ
തപ്തഹൃദയത്തിന്നടയാളമുദ്രയോ
തൂമഞ്ഞിൻ തുള്ളിയോ, തുവെള്ളതാരിൻ
തിര തള്ളും ഹർഷ നയനാംബുവോ*

തരളവിലോലലസിതലളിതയാ*
രാഗാദ്രസൂനത്തിൻ ഹേമാംഗകങ്ങളെ
തഴുകിയൊഴുകിയഴകിലൊരു യാത്രാ
മൊഴിയും നേർന്നു മറഞ്ഞു സുധാകരൻ*

ആദിത്യസ്യന്ദന*മാഴക്കടലിനെ പൊന്നിൽ
കുളിപ്പിച്ചുയർന്നുപൊങ്ങി
അരുണാഭ ചാർത്തിയ മാനത്തു കിളികൾ
ആകർണനീയമാം ഗീതങ്ങൾ പാടി

ഉദയത്തിൻ ഹർഷത്തിൽ പങ്കുചേരാതെ
ഹൃദയത്തിൽ വർഷവുമായാ പ്രസൂനം
വിഗതനാം ചന്ദ്രനെ വിയതാങ്കണത്തിൽ
വിരഹ വിധുരം തേടീ വിഫലം

പകലോനതു കണ്ടു പരിഭവിച്ചിട്ടാണോ
പകയോടവൾക്കു മേൽ തീ ചൊരിഞ്ഞു
വാസര* ലക്ഷ്മി തൻ പൊൻ പ്രഭയിലാ
വാസന്തി ലക്ഷ്മിയോ വാടി പോയി

വാസരാന്ത്യത്തിൽ വീണ്ടുമാ വാനിൽ
വാരൊളി തൂവുമാ അമ്പിളി കിണ്ണം
പാലൊത്ത പൂനിലാ ചിരിയോടെ തൻ
ചേലൊത്ത പ്രേയസിയെ തിരഞ്ഞു

വാരുറ്റ താരിന്‍റെ വാടിയ മൃദുമേനി
ചിന്നിച്ചിതറിയാ പുൽ തട്ടിൽ കണ്ടു
ഞെട്ടറ്റു നിപതിച്ച കുസുമ ശരീരത്തെ
ഭഗ്നമാക്കിയിരുന്നേതോ നിർദ്ദയ പാദങ്ങൾ

കരളു പിടയുമാ കാഴ്ച കാണാതെ
കരിമുകിൽ പിന്നിലൊളിച്ചു മുഴുമതി
കണ്ണുനീർ ചാലുകൾ കല്മഷ പാടായി
കവിളത്തു കാണായൊരു ചന്ദ്രകളങ്കം

വിഗാഢവിരഹവിദല വികസനോ*
വിരക്തിയാൽ മറന്നു , പശിയും പിപാസയും*
വിരല് പോൽ ശോഷിച്ചു വിഭൂതി ക്ഷയിച്ചു
വിപ്രലംഭത്തിൻ പതിനഞ്ചു നാളുകൾ

സമയ സവത്തിൻ* പരിമൃദു ലേപനം
പരിഹരിക്കാത്തൊരു ദുഖമുണ്ടോ
സമയമാം യാഗാശ്വ കുളമ്പടിപ്പാടിൽ
മാഞ്ഞു പോകാത്തൊരു വിരഹമുണ്ടോ

ശാരദരജനിയെ* പുളകിതയാക്കിയാ
ശാരദേന്ദു* വീണ്ടും പുഞ്ചിരി തൂകും
ശാദ്വല* ഭൂമിയെ പ്രഹർഷിതയാക്കി
ശുഭ്രസൂനങ്ങളിനിയും മോഹിതരാകും

Dr Biju John C

*പദവിവരണം
ചാമീകരം = പൊന്നു്
നീരദം = മേഘം
കൗമുദി = നിലാവു്,
പുഷ്പജം= പനിനീർ
നയനാംബു = കണ്ണുനീർ
തരളവിലോല= ഇളകുന്ന , വിറയ്ക്കുന്ന
ലസിത = ശോഭിക്കുന്ന
ലളിത = സൗന്ദര്യമുള്ള; ആഗ്രഹിക്കപ്പെട്ട
സുധാകരൻ = ചന്ദ്രൻ
സ്യന്ദനം = തേര്
വാസരം= ദിവസം; പകൽ
വിഗാഢവിരഹവിദല വികസൻ = അഗാധമായ വിരഹദുഃഖത്താൽ പിളർക്കപ്പെട്ട ചന്ദ്രൻ.
പശിയും പിപാസയും = വിശപ്പും ദാഹവും
വിഭൂതി= ശക്തി ; ഐശ്വര്യം ; വലുപ്പം
വിപ്രലംഭം= നിരാശ; (പരസ്പരം അനുരാഗികളായിരിക്കുന്ന സ്‌ത്രീപുരുഷന്മാരുടെ) വേര്‍പാട്
(പൂർണ്ണ ചന്ദ്രൻ തൊട്ട് അമാവാസി വരെയുള്ള ദിനദൈർഖ്യം ഓർക്കുക )
സവം= പൂന്തേന്‍ ;വെള്ളം
ശാരദ= തെളിഞ്ഞ ; ശരത്കാലത്തെ സംബന്ധിച്ച
ശാരദേന്ദു = ശരത്കാലത്തെ ചന്ദ്രന്‍
ശാദ്വല= പുല്ല് ധാരാളമുള്ള