Saturday, May 14, 2022

നിലാവും നിശാഗന്ധിയും

നിലാവും നിശാഗന്ധിയും


 ചന്ദന ചാരു ചാമീകര* ശോഭ ചന്തത്തിൽ ചാലിച്ചു നീലനഭസ്സിൽ നീരദ* മാലയിൽ മുങ്ങിയും പൊങ്ങിയും നീരാടി നിന്നൂ തിങ്കൾ ബിംബം


നീല നഭസ്സിലെ നിരുപമ കാഴ്ചയിൽ
നിർന്നിമേഷാക്ഷിയായി നോക്കി നിന്നു
നിർമ്മല സ്മേരാഞ്ചിതയായൊരു
നിസ്തുല നിരുപമ നിശാഗന്ധി.

നിശയുടെ റാണിയെ കണ്ടൊരു നേരം
രാവിന്‍റെ രാജനോ രാഗാദ്രനായി
രാക്കിളി പാട്ടുകാർ തംബുരു മീട്ടി
രജനീഗന്ധിയോ തരളിതയായി

രാഗവും താളവും ഒത്തുചേർന്നു
ഓളവും തീരവും കഥ പറഞ്ഞു
ശീതളകൗമുദി* കരലാളനത്താൽ
പുഷ്പമോ ലജ്ജാ ജാജ്വല്യയായി

പുഷ്യരാഗത്തിൻ തിളക്കം പോലൊരു
പുഷ്പജ* തുള്ളിയാ പുഷ്പദലത്തിൽ
പേലവമേതോ ഗളത്തിൽ തിളങ്ങും
മുക്തക ഭൂഷണം പോലതാ കാണ്മൂ

തിരസ്കൃതനായൊരു നിശാശലഭത്തിൻ
തപ്തഹൃദയത്തിന്നടയാളമുദ്രയോ
തൂമഞ്ഞിൻ തുള്ളിയോ, തുവെള്ളതാരിൻ
തിര തള്ളും ഹർഷ നയനാംബുവോ*

തരളവിലോലലസിതലളിതയാ*
രാഗാദ്രസൂനത്തിൻ ഹേമാംഗകങ്ങളെ
തഴുകിയൊഴുകിയഴകിലൊരു യാത്രാ
മൊഴിയും നേർന്നു മറഞ്ഞു സുധാകരൻ*

ആദിത്യസ്യന്ദന*മാഴക്കടലിനെ പൊന്നിൽ
കുളിപ്പിച്ചുയർന്നുപൊങ്ങി
അരുണാഭ ചാർത്തിയ മാനത്തു കിളികൾ
ആകർണനീയമാം ഗീതങ്ങൾ പാടി

ഉദയത്തിൻ ഹർഷത്തിൽ പങ്കുചേരാതെ
ഹൃദയത്തിൽ വർഷവുമായാ പ്രസൂനം
വിഗതനാം ചന്ദ്രനെ വിയതാങ്കണത്തിൽ
വിരഹ വിധുരം തേടീ വിഫലം

പകലോനതു കണ്ടു പരിഭവിച്ചിട്ടാണോ
പകയോടവൾക്കു മേൽ തീ ചൊരിഞ്ഞു
വാസര* ലക്ഷ്മി തൻ പൊൻ പ്രഭയിലാ
വാസന്തി ലക്ഷ്മിയോ വാടി പോയി

വാസരാന്ത്യത്തിൽ വീണ്ടുമാ വാനിൽ
വാരൊളി തൂവുമാ അമ്പിളി കിണ്ണം
പാലൊത്ത പൂനിലാ ചിരിയോടെ തൻ
ചേലൊത്ത പ്രേയസിയെ തിരഞ്ഞു

വാരുറ്റ താരിന്‍റെ വാടിയ മൃദുമേനി
ചിന്നിച്ചിതറിയാ പുൽ തട്ടിൽ കണ്ടു
ഞെട്ടറ്റു നിപതിച്ച കുസുമ ശരീരത്തെ
ഭഗ്നമാക്കിയിരുന്നേതോ നിർദ്ദയ പാദങ്ങൾ

കരളു പിടയുമാ കാഴ്ച കാണാതെ
കരിമുകിൽ പിന്നിലൊളിച്ചു മുഴുമതി
കണ്ണുനീർ ചാലുകൾ കല്മഷ പാടായി
കവിളത്തു കാണായൊരു ചന്ദ്രകളങ്കം

വിഗാഢവിരഹവിദല വികസനോ*
വിരക്തിയാൽ മറന്നു , പശിയും പിപാസയും*
വിരല് പോൽ ശോഷിച്ചു വിഭൂതി ക്ഷയിച്ചു
വിപ്രലംഭത്തിൻ പതിനഞ്ചു നാളുകൾ

സമയ സവത്തിൻ* പരിമൃദു ലേപനം
പരിഹരിക്കാത്തൊരു ദുഖമുണ്ടോ
സമയമാം യാഗാശ്വ കുളമ്പടിപ്പാടിൽ
മാഞ്ഞു പോകാത്തൊരു വിരഹമുണ്ടോ

ശാരദരജനിയെ* പുളകിതയാക്കിയാ
ശാരദേന്ദു* വീണ്ടും പുഞ്ചിരി തൂകും
ശാദ്വല* ഭൂമിയെ പ്രഹർഷിതയാക്കി
ശുഭ്രസൂനങ്ങളിനിയും മോഹിതരാകും

Dr Biju John C

*പദവിവരണം
ചാമീകരം = പൊന്നു്
നീരദം = മേഘം
കൗമുദി = നിലാവു്,
പുഷ്പജം= പനിനീർ
നയനാംബു = കണ്ണുനീർ
തരളവിലോല= ഇളകുന്ന , വിറയ്ക്കുന്ന
ലസിത = ശോഭിക്കുന്ന
ലളിത = സൗന്ദര്യമുള്ള; ആഗ്രഹിക്കപ്പെട്ട
സുധാകരൻ = ചന്ദ്രൻ
സ്യന്ദനം = തേര്
വാസരം= ദിവസം; പകൽ
വിഗാഢവിരഹവിദല വികസൻ = അഗാധമായ വിരഹദുഃഖത്താൽ പിളർക്കപ്പെട്ട ചന്ദ്രൻ.
പശിയും പിപാസയും = വിശപ്പും ദാഹവും
വിഭൂതി= ശക്തി ; ഐശ്വര്യം ; വലുപ്പം
വിപ്രലംഭം= നിരാശ; (പരസ്പരം അനുരാഗികളായിരിക്കുന്ന സ്‌ത്രീപുരുഷന്മാരുടെ) വേര്‍പാട്
(പൂർണ്ണ ചന്ദ്രൻ തൊട്ട് അമാവാസി വരെയുള്ള ദിനദൈർഖ്യം ഓർക്കുക )
സവം= പൂന്തേന്‍ ;വെള്ളം
ശാരദ= തെളിഞ്ഞ ; ശരത്കാലത്തെ സംബന്ധിച്ച
ശാരദേന്ദു = ശരത്കാലത്തെ ചന്ദ്രന്‍
ശാദ്വല= പുല്ല് ധാരാളമുള്ള

No comments:

Post a Comment