മുഖം മൂടി (mask)
(മുഖങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞ കോവിട് മാസ്കും , ആ മാസ്കിനാൽ മറയ്ക്കപ്പെടുന്ന മുഖവും , മനസ്സും തമ്മിലുള്ള ഒരു സംവാദം )
മുഖം :
മനസ്സിന്‍റെ കണ്ണാടിയാണ് ഞാൻ
മനുഷ്യന്‍റെ അഭിമാനമാണ് ഞാൻ
അശുവാം ,അംശുകഖണ്ഡമേ ചൊല്ല്
ആരു നീ എന്‍റെ മേൽ അടയിരിക്കാൻ
ആരു നീയെൻ വെളിച്ചം കെടുത്താൻ
മാസ്ക് :
ഹേ ഗർവിഷ്ഠ വദനമേ നിൻ
വമ്പിൻ ദിനങ്ങൾ കഴിഞ്ഞു പോയി
നിൻ ചലനങ്ങൾക്കു കടിഞ്ഞാണിടാൻ
നിൻ വ്യർത്ഥ കാന്തിക്കു മറയിടാൻ
നിയതി ചമച്ചതാണെന്നെയിന്നിങ്ങനെ
മുഖം :
സൂര്യ തേജസ്സിനു മറയിടാൻ മാത്രം
സോമ ബിംബം വളർന്നു വെന്നോ
കേവലമൊരു വസന ശകലം നീ
വദന സൂര്യനു വരൂഥം തീർക്കുന്നോ .
ഹേ നിഷ്ക്രിയ മനസ്സേ നിദ്ര വെടിയൂ
നിൻ ദർപ്പണത്തിനായി പ്രതികരിക്കൂ
മനസ്സ് :
ദർപ്പണമായിരുന്നോ പ്രിയ തോഴാ നീ
സത്യമായിരുന്നോ ഭവദ്ഭാവാന്തരങ്ങൾ
ദർശിച്ചതില്ലെൻ ഹൃദയ വിചാരങ്ങൾ
അല്പവും നിൻ പ്രതലത്തിലൊരിക്കലും
എൻ രാഗ ദുഃഖ ദ്വേഷങ്ങളിന്മേലൊരു
നിർവ്വികാര മുഖാവരണം തീർത്തു നീ
ഹൃദയമുരുകി ഞാൻ തേങ്ങിടുമ്പോഴും
കണ്ണു നിറയ്ക്കാതെ നിന്നു നീ നിശ്ചലം
കല്മഷമെന്നുള്ളിൽ നുരയ്ക്കുമ്പോഴും
പുഞ്ചിരി മേലാപ്പു പുതച്ചു നീ നിന്നു
ദർപ്പണമായിരുന്നില്ല സുഹൃത്തേ നീ
വെറുമൊരു പൊയ്മുഖമത്രമാത്രം
കപടവികാരങ്ങൾ നർത്തനം ചെയ്യും
കമനീയ കലാമയ രംഗവേദി
നിൻ നാട്യങ്ങൾക്കിന്നിതാ തിരശ്ശീലയായി
നിൻ രംഗപീഠമിനി വെറും അണിയറ മാത്രം
മാസ്ക്:
കാലമേറെയായില്ലേയീ കാലയാപനം
ക്ഷീണിതരാണു നിൻ പേശികൾ മുഖമേ
ക്ഷണനേരമൊന്നു നീ വിശ്രമിച്ചോളൂ
ക്ഷണനം ചെയ്യു നിൻ കപട ഭാവങ്ങളെ
സങ്കോചമെന്യേ നീ പ്രതിഫലിപ്പിക്കു
നിൻ തോഴനാം മനസ്സിനെ മടിക്കാതെ
കപടമീ ലോകത്തിൽ നിന്നുമാ മൃദുല
സ്നിഗ്ദ്ധ ഭാവങ്ങളെ ഞാൻ മറച്ചിടാം.
Dr BJ

No comments:
Post a Comment