Tuesday, October 29, 2019

ഒരു പൊവിഡോണ്‍ അയഡിൻ വിലാപം


ഞാവൽ പഴത്തിന്‍റെ വർണ്ണ പകിട്ടുള്ള
ഗോരോചനത്തിൻ ഗൗരവമൊത്തൊരു
പിംഗല വരവർണ്ണ മായാ മനോഹരി

ശസ്ത്രവും ശാസ്ത്രവും ഒന്നിച്ചു ചേരുമാ
ശസ്ത്രക്രിയയുടെ ശ്രീകോവിലിൽ
പത്തരമാറ്റിൻ പരിശുദ്ധി പരത്താൻ
പരശ്ശത പര കോടി സൂക്ഷ്മ കീടാണു
പരിവാരങ്ങളെ പടിയടച്ചകത്താൻ

പരിചയ സമ്പന്നരാം പരിണിത പ്രജ്ഞർക്കും
ഊർജ്ജസ്വലരാം പരിമിത വിജ്ഞർക്കും
പാരാതെ പരിചയും കവചവും നല്കുമാ
പരമ പരിശുദ്ധ പാവന പരാശക്തിതൻ
പേരാണ് കൂട്ടരേ പൊവിഡോണ്‍ അയഡിൻ

പതയണം കരങ്ങളിൽ അതു നന്നായി
പതിയണം ലേബലിൽ ഇതു നന്നായി
"സർജിക്കൽ സ്‌ക്രബ്" എന്ന സദ്വചനം
ഇതു രണ്ടുമില്ലാത്ത ദ്രാവകം മെച്ചമായ്
സ്ക്രബ്ബെന്ന പേരിൽ കുപ്പിയിലായി
സങ്കോചമില്ലാതാ ശസ്ത്രക്രിയാ മുറിയിൽ
സല്ലപിക്കുന്നിതാ ശസ്ത്രങ്ങളോടായി

"സ്ക്രബ്ബാണ് സാറിതു സന്ദേഹമില്ലാർക്കും
സംശയമിതെപ്പോഴും സാറിനു മാത്രം
സന്തോഷമായാ കരമിങ്ങു നീട്ടൂ"
സംവദിച്ചെന്നോടൊരു കോകില ശബ്ദം
പല്ലിളിക്കുന്നിതെന്നെനോക്കിയാ ലേബലിൽ
സൊല്യൂഷ്യനെന്നൊരഷ്ടാക്ഷര സമുച്ചയം

സങ്കടത്തോടെ കരങ്ങൾ കൂട്ടിതിരുമ്മിയാ
ദ്രാവകം സമ്മാനിച്ച നനുത്ത സ്നിഗ്ധതയിൽ
പതയില്ല കൊഴുപ്പില്ല സാധനം സ്ക്രബ്ബല്ല
പതം വന്നു കൈകൾ തിരുമ്മി തിരുമ്മി
പതഞ്ഞു പൊങ്ങിയൊരീരടി, മനസ്സിൽ
പതിഞ്ഞു പോയൊരാ വരികളിൽ നിന്നും

പുണ്യശാലിനി നീ പകർന്നീടുമീ ദ്രാവകം തന്നുടെ ഓരോരോ തുള്ളിയും
എണ്ണമറ്റ ഗദ്ഗദങ്ങളെൻ അന്തരാത്മാവിൽ വിരിയിക്കുന്നുണ്ടാവാം
കാണുമോ സദയം സംഭരകരെ ഹൃദയത്തില്‍ നിന്നുള്ളീ വിലാപം


Monday, October 14, 2019

Volvo trip to Munnar


കൊച്ചൊരു വോൾവോ സ്വപ്നവും കണ്ടൊണ്ട്
കൊച്ചിക്കു പോയത് ഓർമ്മയുണ്ടോ
കൊച്ചു വെളുപ്പിനെ കൊച്ചിയിൽ ചെന്നപ്പോ
കോച്ചിന്റെ മൊയ്ലാളി കാലു മാറി

കൊച്ചു കിനാവത് പൊട്ടിപൊളിഞ്ഞു
പാലാരിവട്ടത്തെ പാലം പോലെ
ഒന്നിച്ചു നിന്നൂ എന്നിട്ടും നമ്മൾ
നാഗമ്പടത്തെ പാലം പോലെ

കിച്ചടിയില്ലേൽ കച്ചറ വേണ്ട
പച്ചടി കൂട്ടിയും ചോറുണ്ണാം
കോച്ചതു മെച്ചം, കാശും മിച്ചം
കൊച്ചി മുതലാളി വാഴ്ക് നീണാൾ

കൊച്ചിയിലുള്ളാ കൊച്ചു മനുഷ്യൻ
കൊച്ചൊരു സിംഹം ഓർത്തോണേ

കൊച്ചു വെളുപ്പിനെ കൊച്ചിയിൽ നിന്നും
കൊച്ചുങ്ങളെ പോലെ നമ്മളെയെല്ലാം
കോച്ചും തണുപ്പുള്ളാ കോച്ചിലേറ്റി
മൂന്നാറിൽ പോയതു ഓർമ്മയില്ലേ
കോച്ചതു മെച്ചം, കാശും മിച്ചം
കോച്ചിലെ യാത്ര അതിലും മെച്ചം
കോച്ചതു മെച്ചം, കാശും മിച്ചം
കോച്ചിലെ യാത്ര അതിലും മെച്ചം


കൊച്ചൊരു കൂട്ടായ്‌മ ഉത്സവമാക്കി
മൂന്നാറു നമ്മൾ പൊളിച്ചടുക്കി
കൊച്ചു സ്മരണകൾ മിച്ചമാക്കി
കൊച്ചിയിലേക്ക് മടങ്ങി നമ്മൾ
മൂന്നാറു കണ്ടേ, പെരിയാറു കണ്ടേ
ചൂടാറും മുമ്പേ വാളാറും കണ്ടേ
മൂന്നാറു കണ്ടേ, പെരിയാറു കണ്ടേ
ചൂടാറും മുമ്പേ വാളാറും കണ്ടേ

വാളിനെ വെല്ലാൻ വാക്കിനു പറ്റും
ആളിതു തോമാ ആണെങ്കിൽ
വാളന്നു തോറ്റു ആളുടെ മുന്നിൽ
വാഴുക തോമാ വാഴ്‌ക നീണാൾ

Thursday, October 10, 2019

 

വിളവെടുപ്പ്

 

കാലമൊന്നുണ്ട് വിതയ്ക്കാന്‍ ,പോകില്ല കൊയ്യാതിക്ഷിതിയില്‍ നിന്നാരും

 

കാലമേറെയാകാം ക്ഷിപ്രഫലവുമാകാം, കാലഗതിയത് ആരറിവൂ പാരില്‍

 

വിതയ്ക്കുന്ന നന്മകള്‍ നല്‍വിളകളായും മനമുല്ലസിപ്പിക്കും സുമങ്ങളായും

 

വിരിയുന്ന കാഴ്ചകള്‍ തന്‍ ദര്‍ശനസുഖമതസുലഭ സര്‍വേശ്വര കടാക്ഷം

 

അറിയുക സുഹൃത്തെ ആനന്ദമോടാ അനവദ്യ സുന്ദര വിമല സത്യം!

 

അരികള്‍ക്ക് പോലും അലിവോടെ ആശ്രയമേകിയ വിശ്വൈകനായകന്‍റെ

 

അരുമ സന്ദേശങ്ങള്‍ തന്‍ പ്രഫുല്ല ദീപ്തി, വഴിവിളക്കാകട്ടെ വഴിതെളിക്കട്ടെ