നേത്രാഞ്‌ജലി
നയനങ്ങൾ നയനങ്ങൾ ജീവിതായനത്തിൽ
നവനീത വർണ്ണാഭ ദ്യുതി പടർത്തി
നയനോത്‌സവങ്ങളാൽ നരജന്മമലരുകൾ
സുരഭിലമാക്കും നൽ താരകങ്ങൾ
ഈശ്വരൻ കൊളുത്തിയ വിളക്കുകളാണവ
അനശ്വര ചൈതന്യ രത്നങ്ങളാണവ
ആത്മഹർഷങ്ങളും ആത്മദുഃഖങ്ങളും
ആവിഷ്കരിക്കുമാ ചിത്തത്തിൻ ദർപ്പണം
ഹൃദയത്തിൻ താളങ്ങൾ നിലച്ചിടുമ്പോൾ
അവസാന നിശ്വാസം നിർഗമിക്കുമ്പോൾ
അന്ത്യയാത്രക്കു ഭാണ്ഡമൊരുക്കുമ്പോൾ
ആറടി മണ്ണിന് അധിപനാകുമ്പോൾ
അണയേണ്ടതുണ്ടോ വിളക്കു കളവയും
അകാന്തികമാകണോ രത്‌നങ്ങളവയും
അലിയേണ്ടതുണ്ടോ പഞ്ചഭൂതങ്ങളായ്
അവികലകാന്തിയെഴുന്നൊരാ നേത്രങ്ങൾ
പാടില്ലാ പാതകം ചെയ്യരുതരുതേ
പരിലസിക്കേണമാ സുന്ദര നയനങ്ങൾ
പാരിലെ കമനീയ ദൃശ്യങ്ങളിൽ
പരിചെഴും ചമൽക്കാര ഭംഗികളിൽ
ഇനിയുമൊരു കാമുകനാരാധിക്കാൻ
പ്രേയസിയൊരുവൾക്കു മുഖം നോക്കാൻ
പൈതലിൻ പുഞ്ചിരി കാണുവാനൊരു
തായക്കു ഭാഗ്യമായ് പരിണമിക്കാൻ
അന്ധതമോകൂപഗർഭേ വസിക്കു-
മൊരന്ധനൊരിറ്റു വെളിച്ചമാകാൻ
രോഗാർത്തമായി നശിക്കും മറ്റൊരു
കൃഷ്ണ മണിക്കു പകരമാകാൻ
അലിവോടെ നൽകുകാ നേത്രങ്ങൾ ദാനമായ്
അറിയേണമീ യൊരു ശ്രേഷ്ഠ ദാനം
അവനിയിലെങ്ങും പടരട്ടെ വേഗം
നേത്രദാനത്തിൻ മഹൽ സന്ദേശം
Dr Biju John

No comments:
Post a Comment