Monday, November 30, 2020

ശുഭമസ്തു

 ഓര്‍മ്മകളനവധി ബാക്കിയാക്കി യാത്രയായെന്‍ പ്രിയ ജായതാതന്‍ ഓര്‍മ്മകളേകുന്നു ചെറുസ്മിതവും
ഓര്‍മ്മയായെന്നോര്‍ത്തു നൊമ്പരവും


സുരഭിലമൊരു നറും തെന്നല്‍ പോലെ
സഞ്ചാര സരണികളിലൊക്കെയങ്ങ്
സന്തോഷ പരിമള പൂമ്പൊടി വിതറി
സങ്കല്പമായങ്ങു മാഞ്ഞു വിണ്ണില്‍

മായില്ല മധുരമാം ഭാഷണവും, നിറ
ഹാസത്തിന്‍ ഹര്‍ഷമാം ആരവവും
മങ്ങാത്ത ശുഭാപ്തി വിശ്വാസവും
മനസ്സിലുണ്ടെന്നും ........ ശുഭമസ്തു.

Friday, November 20, 2020

മധുര മലയാളമേ നമോവാകം

 മഞ്ജു മനോജ്ഞം, കൈരളി കാകളീ 

തവ, രഞ്ജന മഞ്ജീരശിഞ്ജിതങ്ങള്‍

സഞ്ചലതരളിതം നില്‍ക്കുന്നു ഞാനാ  

സഞ്ചിതശബളിത നാദ ലഹരിയില്‍ 


അഞ്ചിതമാണ്  നിന്‍ കഞ്ചുകം പോലുമാ  

കിഞ്ചന കാഞ്ചന ലാഞ്ഛന ലിപിയാല്‍  

കാഞ്ചനപ്പുവ് പോല്‍ സുരഭില വേണി

പഞ്ചാമൃതം പോല്‍ മധുരിക്കും വാണി 


മഞ്ജിമ തഞ്ചും നിന്‍ മൃദുരവ ഭംഗിയില്‍

കണ്ണഞ്ചി നിന്നില്ലേ തുഞ്ചനും കുഞ്ചനും 

മഞ്ജരി ചന്തത്തിലഞ്ജനമെഴുതി നിന്‍ 

കഞ്ചനേത്രങ്ങള്‍ക്ക് ചെറുശ്ശേരിവര്യൻ


അഞ്ജസമായൊരു  ജ്ഞാനാഞ്ജിയാല്‍

സമഞ്ജസസുന്ദരമാക്കി നിൻ ഫാലത്തെ  

പഞ്ചഭൂതങ്ങളായ് നിന്നിലലിഞ്ഞൊരു 

പഞ്ചാനനന്മാർ .. ആ.. നവ കവിത്രയം 


പുഞ്ച നെൽക്കതിരൊത്ത കോമളാംഗി

നിനക്കു വളയിട്ടു തളയിട്ടു, കാഞ്ചിയിട്ടു

ശിഞ്ജിതം പൊഴിക്കുന്ന മഞ്ജീരമിട്ടു

കൊഞ്ചും പോന്മുരളിയാല്‍  ചങ്ങമ്പുഴ


ഓളത്തിൻ താളത്തിൽ വെള്ളത്തില്‍ തുള്ളുന്ന 

വഞ്ചിയിന്‍  താളത്തിലുള്ളൊരാ പാട്ടിനാല്‍

രോമാഞ്ച കഞ്ചുകമഞ്ചലില്‍  സഞ്ചാരം 

വഞ്ചിഭൂപതിയും വാര്യരും വാഴ്ക 


ചെഞ്ചോര നനവുള്ള കനവും നിനവും

ചെഞ്ചുണ്ടിന്‍ വിരുതും ചുരികക്കരുത്തും 

പഞ്ചാര പാല്‍ ക്കുഴമ്പൊത്തൊരു ശീലില്‍ 

കര്‍ണ്ണാമൃതമായേകിയ  മഞ്ജുളേ


കനകച്ചിലങ്കയണിഞ്ഞു നീ ആടുമ്പോൾ

അക്ഷര മുത്തുകൾ ഒളി വിതറി ചിതറുമ്പോൾ

അമ്യതസഞ്‌ജീവനി നിർഝരിയൊഴുകും

നിര്‍വൃതിയാർന്നു ഞാനഞ്ജലി കൂപ്പും


ചഞ്ചല ചലിതം നിൻ ചേലാഞ്ചലത്താൽ

ചഞ്ചല നയനേ സ്പർശിക്കുകെന്നെ നീ

നിശ്ചലമൊരു സാലഭഞ്‌ജിക പോലവേ

നിൽക്കുമെന്നജ്ഞാനം ഭഞ്ജിതമാകും


ആര്‍ജ്ജവ ഋജുപദ നീലാഞ്ജന സുമ 

നീല നികുഞ്ജനിമജ്ജിതനാക്കെന്നെ 

മഞ്ജുനീലാംബരിയാല്‍ താരാട്ട് പാടി 

വാക് , മഞ്ജുഷയൊന്നില്‍ താലോലിക്കൂ 


പുഞ്ചിരി തഞ്ചുമാ ചെഞ്ചുണ്ടിൻ സ്പർശം

പുഷ്‌പിതമാക്കുമെൻ പഞ്‌ജരം പോലും

പുഷ്കലമാക്കുമെൻ ഭാവനാ കഞ്ജിനി

പുഷ്കല രഞ്‌ജനി അനുഗ്രഹിക്കെന്നെ നീ

-------------------------------------------------------------------------------

കഞ്ജനം ഭോജനം  തിരയുന്ന പോലെ 

ഞാനക്ഷരരഞ്‌ജനം തേടിയലഞ്ഞു 

കഞ്ചബാണന്‍റെ വില്ല് പോൽ ലജ്ജിത

നമ്രയായ് കണ്ടാരു വ്യഞ്ജനം, സുന്ദരം 


മഞ്ചിയെൻ നയനം, മനവും, കരളും

മതിമറന്നെന്തോ പുലമ്പി പൊറുക്കണേ


മിഴി

 മിഴിനീരില്ലാതെ ഞാൻ ആദ്യം കരഞ്ഞപ്പോൾ

മുന്നിലായിരുമിഴികളശ്രു സാന്ദ്രം

ആ മിഴികളിൽ നിന്നു  ഞാൻ വായിച്ചെടുത്തു

മിഴി തുറപ്പിച്ചൊരെൻ ആദ്യ പാഠം

സ്നേഹത്തിൻ സുന്ദര പാഠഭാഗം

ത്യാഗത്തിൻ നറുമലർ ശാന്ത ഭാവം


അമ്മയാണാദ്യത്തെ ഗുരുനാഥയവളുടെ

അക്ഷികളാദ്യത്തെ പാഠപുസ്തകവും

അക്ഷരജ്ഞാനമതേറി വന്നപ്പോൾ

അജ്ഞത മാറിയെന്നഹങ്കരിച്ചപ്പോൾ

മറക്കാൻ തുടങ്ങിയതേതു പാഠം

ഒർക്കാൻ ശ്രമിക്കാത്തതേതു പാഠം


എൻ വഴിത്താരയിൽ വിളക്കായി ധിഷണാ

മിഴിവാർന്നൊരെൻ താത മിഴിയിണകൾ

ആ മിഴികളിലുണ്ടായിരുന്നെനിക്കുള്ള

പാഥേയവും പാത സൂചികയും

പാതി ദൂരത്തിൽ പതിയെ പതിയാ

പവിത്ര പാഠങ്ങളെ ഞാൻ മറന്നോ


ജീവിതയാനത്തിൻ യാത്രയിലെപ്പോഴോ

ജീവനിൽ പരിമളമായൊരു കണ്ണിണ

നാലു മിഴികൾ കഥ പറഞിരുന്നു

നാനാ ജഗന്മനോരമ്യമാം ഭാഷയിൽ

അക്ഷരമില്ലാത്തൊരനഘ ഭാഷ

അക്ഷരം വേണ്ടാത്തതുല്യ ഭാഷ


അക്ഷികൾ ആക്ഷരമാകുമ്പോൾ

അന്യാദൃശമാ മൃദുപാഠങ്ങൾ വീണ്ടും

സന്ധ്യാംബരത്തിലെ അമ്പിളി പോൽ

സാവധാനത്തിൽ തെളിഞ്ഞു വന്നു

സംഗീതമായി മനം നിറച്ചു

സംഗതമായിരുഹൃദയങ്ങളും


പിന്നെയും പുഴകൾ നിറഞ്ഞൊഴുകി

പലവട്ടം പിന്നെ മെലിഞ്ഞു വറ്റി

നന്മപാഠങ്ങൾ വീണ്ടുമോർപ്പിക്കാൻ

അക്ഷികൾ രണ്ടെണ്ണം വീണ്ടുമെത്തി

കുസൃതി വിളങ്ങും പിഞ്ചു മിഴികൾ

കൈവല്യമേകും ഇന്ദ്രനീലങ്ങൾ


അകതാരിൽ പക്ഷികൾ പാട്ടു പാടി

അകക്കാമ്പിലെവിടെയോ കുളിരു കോരി

ആകാശ ദീപം പോൽ പുഞ്ചിരി തൂകും

അദ്ധ്യയനത്തിൻ അനർഘ നിമിഷങ്ങൾ

അനവദ്യ സ്നേഹ ലിഖിതങ്ങളായി

നിരവദ്യ മോഹന പാഠങ്ങളായി


പാഠങ്ങളേറെ പകർന്നു തന്നക്ഷികൾ

ജ്ഞാനാഞ്ഞ്ജനത്താൽ പ്രഫുല്ലമാക്കാൻ

വിജ്ഞാന ദ്യുതിയാൽ വിളങ്ങിടുമനവധി

മഞ്ജുള നേത്രങ്ങളൊരുക്കിയീശൻ

സംസാര സാഗര യാത്രയെ സംഖ്യാത

സംവേദനങ്ങളാൽ സംസ്കരിച്ചു


പകരണം പരിചൊടു പല മിഴികളിലാ

പവിത്ര പേശല പീയൂഷ പഠിതങ്ങൾ

പാരിനെ പ്രശോഭിപ്പിക്കും ദീപങ്ങളായങ്ങു

പരിലസിക്കട്ടെയാ പേലവ നയനങ്ങൾ

വിരിയുമെൻ മിഴിനീർ കണങ്ങളിലന്നൊ

രായിരമനുപമ മാരിവിൽ മലരുകൾ



.



















ഒരാംബുലൻസിന്‍റെ ആത്മ രോദനം

 ഒരാംബുലൻസിന്‍റെ ആത്മ രോദനം : Dr Biju John

എല്ലുകൾ നുറുങ്ങി പല്ലുകൾ ചിതറി

ചെഞ്ചോര വാർന്നു കിടക്കുന്ന രൂപങ്ങൾ

ചാഞ്ചല്യമെനിക്കില്ലാ കാഴ്ചകൾ കണ്ടാൽ

ചക്ഷുസ്സടയില്ലൊരിക്കലും ഭയത്താൽ


എത്തും ഞാനവിടേക്കതിവേഗമതിശീഘ്രം

അതാണെൻ കർമ്മഭൂമിയതാണെൻ ജീവനം


ഉടലുരുകും വേദന ,കരളുരുകും രോദനം

ഉയിർ പാതി മാഞ്ഞ വിപന്നമാമുടലുകൾ

ഉയിർ പോകും മുമ്പുള്ളന്ത്യമാം പിടച്ചിൽ

ഉത്തരം മുട്ടിച്ചിട്ടില്ലിവയൊന്നുമെന്നെ 


എത്തും ഞാനവിടേക്കതിവേഗമതിശീഘ്രം

അതാണെൻ കർമ്മഭൂമിയതാണെൻ ജീവനം


വേർപ്പെട്ട ശരീരങ്ങൾ, വേർപെട്ട ബന്ധങ്ങൾ

വേർപാടിൻ ദു:ഖത്താൽ വേവും മനങ്ങൾ

വീർപ്പുമുട്ടിക്കുന്നൊരീ മഹാമാരിയും

വേർതിരിവെനിക്കില്ലീ സങ്കടവൈവിധ്യത്തിൽ


എത്തും ഞാനവിടേക്കതിവേഗമതിശീഘ്രം

അതാണെൻ കർമ്മഭൂമിയതാണെൻ ജീവനം


അണ പൊട്ടും ദുഃഖത്തിലഴലാത്തൊരെന്മനം

മനമുരുകും കാഴ്ചകളിൽ പതറാത്തൊരെന്മനം

കേഴുന്നതെന്തേ അവിരാമം ദീനമായ്

ഉയരുന്നതെന്തേ കദനത്തിൻ വീർപ്പുകൾ


ആവില്ലെനിക്കിനിയാ കർമ്മഭൂമിയണയാൻ

കഴിയില്ലിനിയാർക്കും സാന്ത്വനമാകാൻ


മുഗ്ദ്ധപെൺ മുകുളമൊന്നിനെയൊരു മൃഗം

മുച്ചൂടും പിച്ചിച്ചീന്തിയതെൻ മാറത്ത്

നിഷ്ഠുര നീചമാ ക്രൂരത കാണാതെൻ

മേൽക്കൂര ദീപമണഞ്ഞു പൊടുന്നനെ


രക്ഷയേകേണ്ടതാം ഹസ്തങ്ങൾ തന്നെ

ശിക്ഷിച്ചു നിർദ്ദയം ഉല്ലസിച്ചപ്പോൾ

ശപ്ത നിമിഷങ്ങൾക്കു സാക്ഷിയായെൻ

നിഷ്പ്രഭ ദീപവും ഗഗന താരങ്ങളും


ആവില്ലെനിക്കിനിയാ കർമ്മഭൂമിയണയാൻ

കഴിയില്ലിനിയാർക്കും സാന്ത്വനമാകാൻ


അശ്രുകൊണ്ടർച്ചന രക്ത നൈവേദ്യവും

ആർജ്ജവം കൂട്ടിയയെൻ കഠിന ചിത്തം

ആ തന്വിയാളുടെ കണ്ണീരിൻ ചൂടിനാൽ

വേവുന്നു നോവുന്നു ,തളരുന്നിതയ്യോ


തല്ലിക്കെടുത്തുകെൻ മേൽക്കൂര ദീപം

തല്ലിപ്പൊളിക്കുകീ ശപ്തമാം ദേഹം

പെണ്ണിന്‍റെ കണ്ണീർ വീണതാണീയുടൽ

പേയുള്ള കാമത്തിൻ സാക്ഷിയാണീയുടൽ


ആവില്ലെനിക്കിനിയാ ദീപം തെളിക്കുവാൻ

കഴിയില്ലെനിക്കിനിയാ സൈറൺ മുഴക്കുവാൻ


ഇടനെഞ്ചു തകർന്നൊന്നു വിലപിക്കുവാൻ

പിടയുന്ന സ്ത്രീത്വത്തിൻ രോദനമാകാൻ

അവസാനമായൊന്നു നിലവിളിക്കാൻ

സദയമുണരുകെൻ സ്വനപേടകമേ

ഒരിക്കൽ കൂടെ..... 

ഒരു വട്ടം കൂടെ...