Friday, November 20, 2020

മധുര മലയാളമേ നമോവാകം

 മഞ്ജു മനോജ്ഞം, കൈരളി കാകളീ 

തവ, രഞ്ജന മഞ്ജീരശിഞ്ജിതങ്ങള്‍

സഞ്ചലതരളിതം നില്‍ക്കുന്നു ഞാനാ  

സഞ്ചിതശബളിത നാദ ലഹരിയില്‍ 


അഞ്ചിതമാണ്  നിന്‍ കഞ്ചുകം പോലുമാ  

കിഞ്ചന കാഞ്ചന ലാഞ്ഛന ലിപിയാല്‍  

കാഞ്ചനപ്പുവ് പോല്‍ സുരഭില വേണി

പഞ്ചാമൃതം പോല്‍ മധുരിക്കും വാണി 


മഞ്ജിമ തഞ്ചും നിന്‍ മൃദുരവ ഭംഗിയില്‍

കണ്ണഞ്ചി നിന്നില്ലേ തുഞ്ചനും കുഞ്ചനും 

മഞ്ജരി ചന്തത്തിലഞ്ജനമെഴുതി നിന്‍ 

കഞ്ചനേത്രങ്ങള്‍ക്ക് ചെറുശ്ശേരിവര്യൻ


അഞ്ജസമായൊരു  ജ്ഞാനാഞ്ജിയാല്‍

സമഞ്ജസസുന്ദരമാക്കി നിൻ ഫാലത്തെ  

പഞ്ചഭൂതങ്ങളായ് നിന്നിലലിഞ്ഞൊരു 

പഞ്ചാനനന്മാർ .. ആ.. നവ കവിത്രയം 


പുഞ്ച നെൽക്കതിരൊത്ത കോമളാംഗി

നിനക്കു വളയിട്ടു തളയിട്ടു, കാഞ്ചിയിട്ടു

ശിഞ്ജിതം പൊഴിക്കുന്ന മഞ്ജീരമിട്ടു

കൊഞ്ചും പോന്മുരളിയാല്‍  ചങ്ങമ്പുഴ


ഓളത്തിൻ താളത്തിൽ വെള്ളത്തില്‍ തുള്ളുന്ന 

വഞ്ചിയിന്‍  താളത്തിലുള്ളൊരാ പാട്ടിനാല്‍

രോമാഞ്ച കഞ്ചുകമഞ്ചലില്‍  സഞ്ചാരം 

വഞ്ചിഭൂപതിയും വാര്യരും വാഴ്ക 


ചെഞ്ചോര നനവുള്ള കനവും നിനവും

ചെഞ്ചുണ്ടിന്‍ വിരുതും ചുരികക്കരുത്തും 

പഞ്ചാര പാല്‍ ക്കുഴമ്പൊത്തൊരു ശീലില്‍ 

കര്‍ണ്ണാമൃതമായേകിയ  മഞ്ജുളേ


കനകച്ചിലങ്കയണിഞ്ഞു നീ ആടുമ്പോൾ

അക്ഷര മുത്തുകൾ ഒളി വിതറി ചിതറുമ്പോൾ

അമ്യതസഞ്‌ജീവനി നിർഝരിയൊഴുകും

നിര്‍വൃതിയാർന്നു ഞാനഞ്ജലി കൂപ്പും


ചഞ്ചല ചലിതം നിൻ ചേലാഞ്ചലത്താൽ

ചഞ്ചല നയനേ സ്പർശിക്കുകെന്നെ നീ

നിശ്ചലമൊരു സാലഭഞ്‌ജിക പോലവേ

നിൽക്കുമെന്നജ്ഞാനം ഭഞ്ജിതമാകും


ആര്‍ജ്ജവ ഋജുപദ നീലാഞ്ജന സുമ 

നീല നികുഞ്ജനിമജ്ജിതനാക്കെന്നെ 

മഞ്ജുനീലാംബരിയാല്‍ താരാട്ട് പാടി 

വാക് , മഞ്ജുഷയൊന്നില്‍ താലോലിക്കൂ 


പുഞ്ചിരി തഞ്ചുമാ ചെഞ്ചുണ്ടിൻ സ്പർശം

പുഷ്‌പിതമാക്കുമെൻ പഞ്‌ജരം പോലും

പുഷ്കലമാക്കുമെൻ ഭാവനാ കഞ്ജിനി

പുഷ്കല രഞ്‌ജനി അനുഗ്രഹിക്കെന്നെ നീ

-------------------------------------------------------------------------------

കഞ്ജനം ഭോജനം  തിരയുന്ന പോലെ 

ഞാനക്ഷരരഞ്‌ജനം തേടിയലഞ്ഞു 

കഞ്ചബാണന്‍റെ വില്ല് പോൽ ലജ്ജിത

നമ്രയായ് കണ്ടാരു വ്യഞ്ജനം, സുന്ദരം 


മഞ്ചിയെൻ നയനം, മനവും, കരളും

മതിമറന്നെന്തോ പുലമ്പി പൊറുക്കണേ


No comments:

Post a Comment