Friday, December 11, 2020

നീലത്താമര by Dr BJ

 നീല നിശീഥിനി കാളിമയെന്തെ നീ നീല നിലാവിനെയിന്നൊളിപ്പിച്ചു നിലയില്ലാക്കയത്തിലൊറ്റക്കു നിന്നൊരു

നീലത്താമര നെടു വീർപ്പിട്ടു


നിത്യവുമതിനെ വലം വെച്ചിരുന്നു
നീല മിഴിയാളിരു സ്വർണ്ണമൽസ്യങ്ങൾ
നിര്‍മ്മലനീലസുസ്മിതമിരുതാരങ്ങളും
നിര്‍നിമേഷാക്ഷരായ് ലസിച്ചിരുന്നു

നീച കൈതവകോവിദനൊരു വേടന്‍
നീരവ നികൃതമപഹരിച്ചവരെയൊരു
നിബിഡവനത്തിലങ്ങൊളിപ്പിച്ചു കഷ്ടം.
വിരഹിതവിഹ്വലം വിതുമ്പിയാ താമര

വിരുന്നു വന്നു വിളിക്കാതെന്തിനെന്‍
വിമല വിണ്ടലത്തിലിണ്ടലുമായ്
വികടവികരമേ വിരവിലെന്തിനെൻ
വികാശദീപങ്ങളെ നീയൊളിപ്പിച്ചു

വിധുര വിവശം വിവിക്തമംബുജ
മാകാശഗംഗയെ നോക്കി കേണു
അലിവോടെ ചൊല്ലുകെന്നരുമകളെ നീ
അവനിയിലെങ്ങാനും കണ്ടതുണ്ടോ

അവരുടെ സാമീപ്യ സൌരഭ്യമില്ലെങ്കില്‍
അവരുടെ ഭാഷണ പീയുഷമില്ലെങ്കില്‍
ആദിത്യദര്‍ശനനയനാമൃതം പോലു-
മപ്രിയ കാളകൂടസമം സംസ്ഥിതം

ആദ്യത്തെ ദിനകര കിരണങ്ങളങ്ങ്
ചക്രവാളസീമയില്‍ പുളകം വിതച്ചു
പുത്തനുഷസ്സിന്‍ ഹൃദ്യമാം രാഗങ്ങള്‍
പുല്‍ക്കൊടിത്തുമ്പിലും പുതുമ നിറച്ചു

പുലരി തന്‍ പുഞ്ചിരി പങ്കു വാങ്ങാതാ
പരിമൃദു പങ്കജം പരിഭവം പൂണ്ടു
പുലരൊളി വെള്ളി വെളിച്ചത്തില്‍ നിന്നും
പഞ്ചഗൂഢത്തെ പോല്‍ മുഖം മറച്ചു

പഞ്ചവര്‍ണ്ണക്കിളി പൈങ്കിളിയൊന്നാ
പങ്കജ കര്‍ണ്ണത്തില്‍ പാട്ട് മൂളി
പങ്കപ്പാടുകളോര്‍മ്മയാകു,മുല്ലാസ
പുല്ലാങ്കുഴല്‍ നാദം പുനര്‍ജ്ജനിക്കും

പത്തുനാള്‍ കാക്കുക പത്മമേ നീ
പത്മിനി മദ്ധ്യത്തില്‍ തപസ്സിരിക്കൂ
പകലിന്‍റെ നാഥനും സാന്ത്വനമേകി
പവിഴക്കതിരിനാലൊരുമ്മ നൽകി

ആദിത്യ സ്യന്ദനമാഴിയില്‍ താണു
അമ്പിളി ക്കലയൊരു താരാട്ട് പാടി
ഒമ്പത് നാളുകള്‍ ബാക്കിയാണിനിയും
അംബുജമേ നീയുറങ്ങാരിരാരോ

അംബുദദുഗ്ദ്ധം നുകർന്നുനുകർന്നാ
അമ്പിളി പൈതല്‍ വളര്‍ന്നു വന്നു
അംബുജബന്ധുവോ ഒമ്പത് വട്ടമാ
അബ്ധിയില്‍ മുങ്ങി ക്കുളിച്ചു വന്നു

പത്തര മാറ്റുള്ള തങ്കത്തളിക പോല്‍
പത്താം ദിനത്തിലെ ദിനകര ഹാസം
നീലക്കൊടുവേലി തോല്‍ക്കുമാറന്നാ
നീലത്താമര മിഴികള്‍ തുറന്നു

നീലജലാശയ പരപ്പിലെ ഓളങ്ങൾ
നീരജ തോഴനെ പുൽകി ചിരിച്ചു
നീറ്റിലെ വിസ്മയ കാഴ്ചകൾ കണ്ടാ
നീരജമിഴികളില്‍ ഹര്‍ഷ ബാഷ്പം

പ്രത്യാഗതരാം സ്വര്‍ണ്ണ മത്സ്യങ്ങളൊരു
പ്രത്യാസന്ന പ്രദക്ഷിണ നൃത്തത്താല്‍
പ്രത്യുഷത്തില്‍ പുളകം വിതയ്ക്കുന്നു
പ്രത്യക്ഷമാണൊരു പുതു വര്‍ണ്ണരാജിയും

നക്ഷത്ര ധൂളിയാല്‍ അഞ്ചിതമാണിപ്പോള്‍
അവരുടെ കാഞ്ചന നീരാള കംബളം
നീല നക്ഷത്രങ്ങളെ നിങ്ങളിലാരാനും
പൊട്ടി ത്തകര്‍ ന്നിങ്ങു താഴെ വീണോ

എങ്കിലുമവരുടെ നര്‍ത്തന താളത്തില്‍
എവിടെയോ ഒരപശ്രുതി വേദ്യമല്ലേ
കാഞ്ചന മുഖകാന്തി പ്രഭയിലെങ്ങോ
കാളുകയല്ലേ ഘന നൊമ്പരനിഴലും

മാനത്തിനശ്രുക്കള്‍ വന്നു വീണ,പ്പോഴാ
കഞ്ജ ദളങ്ങളെയാര്‍ദ്രമാക്കി
മാനത്തു കണ്ണ് , നട്ടപ്പോള്‍ കണ്ടതോ
മാനസമുലയുന്നമാലെഴും കാഴ്ച

ക്രൌഞ്ച മിഥുനങ്ങള്‍ പോലെ ലസിച്ച
നക്ഷത്ര യുഗ്മത്തിന്‍ വേദികയില്‍
നിതാന്ത ശോക നിരാസിതയായൊരു
ഏകാന്ത താരക റാണി മാത്രം

താതതാരങ്ങളെ തനയ സുഖത്തിനായ്
തപസ്സനുഷ്ഠിക്കും താപസശ്രേഷ്ഠരേ
തമസ്സിലലിയും സമയത്തും സുതർക്കായ്
തപിക്കുവോരേ ...... സ്വസ്ത്യസ്തു


Dr Biju John; (1/12/2020)

വികരം=രോഗം
വികാശം= ആകാശം; സ്വര്‍ഗം
വിവിക്ത=അകറ്റിനിര്‍ത്തപ്പെട്ട
പഞ്ചഗൂഢം= ആമ
സ്യന്ദനം=തേര്
അംബുദം=മേഘം
അംബുജബന്ധു= സൂര്യന്‍
പ്രത്യാഗതര്‍=തിരിച്ചുവന്നവര്‍
പ്രത്യാസന്ന= സമീപമുള്ള, അടുത്തിരിക്കുന്ന
പ്രത്യുഷം= പ്രഭാതം
കഞ്ജം, നീരജം,അംബുജം = താമര





























Monday, November 30, 2020

ശുഭമസ്തു

 ഓര്‍മ്മകളനവധി ബാക്കിയാക്കി യാത്രയായെന്‍ പ്രിയ ജായതാതന്‍ ഓര്‍മ്മകളേകുന്നു ചെറുസ്മിതവും
ഓര്‍മ്മയായെന്നോര്‍ത്തു നൊമ്പരവും


സുരഭിലമൊരു നറും തെന്നല്‍ പോലെ
സഞ്ചാര സരണികളിലൊക്കെയങ്ങ്
സന്തോഷ പരിമള പൂമ്പൊടി വിതറി
സങ്കല്പമായങ്ങു മാഞ്ഞു വിണ്ണില്‍

മായില്ല മധുരമാം ഭാഷണവും, നിറ
ഹാസത്തിന്‍ ഹര്‍ഷമാം ആരവവും
മങ്ങാത്ത ശുഭാപ്തി വിശ്വാസവും
മനസ്സിലുണ്ടെന്നും ........ ശുഭമസ്തു.

Friday, November 20, 2020

മധുര മലയാളമേ നമോവാകം

 മഞ്ജു മനോജ്ഞം, കൈരളി കാകളീ 

തവ, രഞ്ജന മഞ്ജീരശിഞ്ജിതങ്ങള്‍

സഞ്ചലതരളിതം നില്‍ക്കുന്നു ഞാനാ  

സഞ്ചിതശബളിത നാദ ലഹരിയില്‍ 


അഞ്ചിതമാണ്  നിന്‍ കഞ്ചുകം പോലുമാ  

കിഞ്ചന കാഞ്ചന ലാഞ്ഛന ലിപിയാല്‍  

കാഞ്ചനപ്പുവ് പോല്‍ സുരഭില വേണി

പഞ്ചാമൃതം പോല്‍ മധുരിക്കും വാണി 


മഞ്ജിമ തഞ്ചും നിന്‍ മൃദുരവ ഭംഗിയില്‍

കണ്ണഞ്ചി നിന്നില്ലേ തുഞ്ചനും കുഞ്ചനും 

മഞ്ജരി ചന്തത്തിലഞ്ജനമെഴുതി നിന്‍ 

കഞ്ചനേത്രങ്ങള്‍ക്ക് ചെറുശ്ശേരിവര്യൻ


അഞ്ജസമായൊരു  ജ്ഞാനാഞ്ജിയാല്‍

സമഞ്ജസസുന്ദരമാക്കി നിൻ ഫാലത്തെ  

പഞ്ചഭൂതങ്ങളായ് നിന്നിലലിഞ്ഞൊരു 

പഞ്ചാനനന്മാർ .. ആ.. നവ കവിത്രയം 


പുഞ്ച നെൽക്കതിരൊത്ത കോമളാംഗി

നിനക്കു വളയിട്ടു തളയിട്ടു, കാഞ്ചിയിട്ടു

ശിഞ്ജിതം പൊഴിക്കുന്ന മഞ്ജീരമിട്ടു

കൊഞ്ചും പോന്മുരളിയാല്‍  ചങ്ങമ്പുഴ


ഓളത്തിൻ താളത്തിൽ വെള്ളത്തില്‍ തുള്ളുന്ന 

വഞ്ചിയിന്‍  താളത്തിലുള്ളൊരാ പാട്ടിനാല്‍

രോമാഞ്ച കഞ്ചുകമഞ്ചലില്‍  സഞ്ചാരം 

വഞ്ചിഭൂപതിയും വാര്യരും വാഴ്ക 


ചെഞ്ചോര നനവുള്ള കനവും നിനവും

ചെഞ്ചുണ്ടിന്‍ വിരുതും ചുരികക്കരുത്തും 

പഞ്ചാര പാല്‍ ക്കുഴമ്പൊത്തൊരു ശീലില്‍ 

കര്‍ണ്ണാമൃതമായേകിയ  മഞ്ജുളേ


കനകച്ചിലങ്കയണിഞ്ഞു നീ ആടുമ്പോൾ

അക്ഷര മുത്തുകൾ ഒളി വിതറി ചിതറുമ്പോൾ

അമ്യതസഞ്‌ജീവനി നിർഝരിയൊഴുകും

നിര്‍വൃതിയാർന്നു ഞാനഞ്ജലി കൂപ്പും


ചഞ്ചല ചലിതം നിൻ ചേലാഞ്ചലത്താൽ

ചഞ്ചല നയനേ സ്പർശിക്കുകെന്നെ നീ

നിശ്ചലമൊരു സാലഭഞ്‌ജിക പോലവേ

നിൽക്കുമെന്നജ്ഞാനം ഭഞ്ജിതമാകും


ആര്‍ജ്ജവ ഋജുപദ നീലാഞ്ജന സുമ 

നീല നികുഞ്ജനിമജ്ജിതനാക്കെന്നെ 

മഞ്ജുനീലാംബരിയാല്‍ താരാട്ട് പാടി 

വാക് , മഞ്ജുഷയൊന്നില്‍ താലോലിക്കൂ 


പുഞ്ചിരി തഞ്ചുമാ ചെഞ്ചുണ്ടിൻ സ്പർശം

പുഷ്‌പിതമാക്കുമെൻ പഞ്‌ജരം പോലും

പുഷ്കലമാക്കുമെൻ ഭാവനാ കഞ്ജിനി

പുഷ്കല രഞ്‌ജനി അനുഗ്രഹിക്കെന്നെ നീ

-------------------------------------------------------------------------------

കഞ്ജനം ഭോജനം  തിരയുന്ന പോലെ 

ഞാനക്ഷരരഞ്‌ജനം തേടിയലഞ്ഞു 

കഞ്ചബാണന്‍റെ വില്ല് പോൽ ലജ്ജിത

നമ്രയായ് കണ്ടാരു വ്യഞ്ജനം, സുന്ദരം 


മഞ്ചിയെൻ നയനം, മനവും, കരളും

മതിമറന്നെന്തോ പുലമ്പി പൊറുക്കണേ


മിഴി

 മിഴിനീരില്ലാതെ ഞാൻ ആദ്യം കരഞ്ഞപ്പോൾ

മുന്നിലായിരുമിഴികളശ്രു സാന്ദ്രം

ആ മിഴികളിൽ നിന്നു  ഞാൻ വായിച്ചെടുത്തു

മിഴി തുറപ്പിച്ചൊരെൻ ആദ്യ പാഠം

സ്നേഹത്തിൻ സുന്ദര പാഠഭാഗം

ത്യാഗത്തിൻ നറുമലർ ശാന്ത ഭാവം


അമ്മയാണാദ്യത്തെ ഗുരുനാഥയവളുടെ

അക്ഷികളാദ്യത്തെ പാഠപുസ്തകവും

അക്ഷരജ്ഞാനമതേറി വന്നപ്പോൾ

അജ്ഞത മാറിയെന്നഹങ്കരിച്ചപ്പോൾ

മറക്കാൻ തുടങ്ങിയതേതു പാഠം

ഒർക്കാൻ ശ്രമിക്കാത്തതേതു പാഠം


എൻ വഴിത്താരയിൽ വിളക്കായി ധിഷണാ

മിഴിവാർന്നൊരെൻ താത മിഴിയിണകൾ

ആ മിഴികളിലുണ്ടായിരുന്നെനിക്കുള്ള

പാഥേയവും പാത സൂചികയും

പാതി ദൂരത്തിൽ പതിയെ പതിയാ

പവിത്ര പാഠങ്ങളെ ഞാൻ മറന്നോ


ജീവിതയാനത്തിൻ യാത്രയിലെപ്പോഴോ

ജീവനിൽ പരിമളമായൊരു കണ്ണിണ

നാലു മിഴികൾ കഥ പറഞിരുന്നു

നാനാ ജഗന്മനോരമ്യമാം ഭാഷയിൽ

അക്ഷരമില്ലാത്തൊരനഘ ഭാഷ

അക്ഷരം വേണ്ടാത്തതുല്യ ഭാഷ


അക്ഷികൾ ആക്ഷരമാകുമ്പോൾ

അന്യാദൃശമാ മൃദുപാഠങ്ങൾ വീണ്ടും

സന്ധ്യാംബരത്തിലെ അമ്പിളി പോൽ

സാവധാനത്തിൽ തെളിഞ്ഞു വന്നു

സംഗീതമായി മനം നിറച്ചു

സംഗതമായിരുഹൃദയങ്ങളും


പിന്നെയും പുഴകൾ നിറഞ്ഞൊഴുകി

പലവട്ടം പിന്നെ മെലിഞ്ഞു വറ്റി

നന്മപാഠങ്ങൾ വീണ്ടുമോർപ്പിക്കാൻ

അക്ഷികൾ രണ്ടെണ്ണം വീണ്ടുമെത്തി

കുസൃതി വിളങ്ങും പിഞ്ചു മിഴികൾ

കൈവല്യമേകും ഇന്ദ്രനീലങ്ങൾ


അകതാരിൽ പക്ഷികൾ പാട്ടു പാടി

അകക്കാമ്പിലെവിടെയോ കുളിരു കോരി

ആകാശ ദീപം പോൽ പുഞ്ചിരി തൂകും

അദ്ധ്യയനത്തിൻ അനർഘ നിമിഷങ്ങൾ

അനവദ്യ സ്നേഹ ലിഖിതങ്ങളായി

നിരവദ്യ മോഹന പാഠങ്ങളായി


പാഠങ്ങളേറെ പകർന്നു തന്നക്ഷികൾ

ജ്ഞാനാഞ്ഞ്ജനത്താൽ പ്രഫുല്ലമാക്കാൻ

വിജ്ഞാന ദ്യുതിയാൽ വിളങ്ങിടുമനവധി

മഞ്ജുള നേത്രങ്ങളൊരുക്കിയീശൻ

സംസാര സാഗര യാത്രയെ സംഖ്യാത

സംവേദനങ്ങളാൽ സംസ്കരിച്ചു


പകരണം പരിചൊടു പല മിഴികളിലാ

പവിത്ര പേശല പീയൂഷ പഠിതങ്ങൾ

പാരിനെ പ്രശോഭിപ്പിക്കും ദീപങ്ങളായങ്ങു

പരിലസിക്കട്ടെയാ പേലവ നയനങ്ങൾ

വിരിയുമെൻ മിഴിനീർ കണങ്ങളിലന്നൊ

രായിരമനുപമ മാരിവിൽ മലരുകൾ



.



















ഒരാംബുലൻസിന്‍റെ ആത്മ രോദനം

 ഒരാംബുലൻസിന്‍റെ ആത്മ രോദനം : Dr Biju John

എല്ലുകൾ നുറുങ്ങി പല്ലുകൾ ചിതറി

ചെഞ്ചോര വാർന്നു കിടക്കുന്ന രൂപങ്ങൾ

ചാഞ്ചല്യമെനിക്കില്ലാ കാഴ്ചകൾ കണ്ടാൽ

ചക്ഷുസ്സടയില്ലൊരിക്കലും ഭയത്താൽ


എത്തും ഞാനവിടേക്കതിവേഗമതിശീഘ്രം

അതാണെൻ കർമ്മഭൂമിയതാണെൻ ജീവനം


ഉടലുരുകും വേദന ,കരളുരുകും രോദനം

ഉയിർ പാതി മാഞ്ഞ വിപന്നമാമുടലുകൾ

ഉയിർ പോകും മുമ്പുള്ളന്ത്യമാം പിടച്ചിൽ

ഉത്തരം മുട്ടിച്ചിട്ടില്ലിവയൊന്നുമെന്നെ 


എത്തും ഞാനവിടേക്കതിവേഗമതിശീഘ്രം

അതാണെൻ കർമ്മഭൂമിയതാണെൻ ജീവനം


വേർപ്പെട്ട ശരീരങ്ങൾ, വേർപെട്ട ബന്ധങ്ങൾ

വേർപാടിൻ ദു:ഖത്താൽ വേവും മനങ്ങൾ

വീർപ്പുമുട്ടിക്കുന്നൊരീ മഹാമാരിയും

വേർതിരിവെനിക്കില്ലീ സങ്കടവൈവിധ്യത്തിൽ


എത്തും ഞാനവിടേക്കതിവേഗമതിശീഘ്രം

അതാണെൻ കർമ്മഭൂമിയതാണെൻ ജീവനം


അണ പൊട്ടും ദുഃഖത്തിലഴലാത്തൊരെന്മനം

മനമുരുകും കാഴ്ചകളിൽ പതറാത്തൊരെന്മനം

കേഴുന്നതെന്തേ അവിരാമം ദീനമായ്

ഉയരുന്നതെന്തേ കദനത്തിൻ വീർപ്പുകൾ


ആവില്ലെനിക്കിനിയാ കർമ്മഭൂമിയണയാൻ

കഴിയില്ലിനിയാർക്കും സാന്ത്വനമാകാൻ


മുഗ്ദ്ധപെൺ മുകുളമൊന്നിനെയൊരു മൃഗം

മുച്ചൂടും പിച്ചിച്ചീന്തിയതെൻ മാറത്ത്

നിഷ്ഠുര നീചമാ ക്രൂരത കാണാതെൻ

മേൽക്കൂര ദീപമണഞ്ഞു പൊടുന്നനെ


രക്ഷയേകേണ്ടതാം ഹസ്തങ്ങൾ തന്നെ

ശിക്ഷിച്ചു നിർദ്ദയം ഉല്ലസിച്ചപ്പോൾ

ശപ്ത നിമിഷങ്ങൾക്കു സാക്ഷിയായെൻ

നിഷ്പ്രഭ ദീപവും ഗഗന താരങ്ങളും


ആവില്ലെനിക്കിനിയാ കർമ്മഭൂമിയണയാൻ

കഴിയില്ലിനിയാർക്കും സാന്ത്വനമാകാൻ


അശ്രുകൊണ്ടർച്ചന രക്ത നൈവേദ്യവും

ആർജ്ജവം കൂട്ടിയയെൻ കഠിന ചിത്തം

ആ തന്വിയാളുടെ കണ്ണീരിൻ ചൂടിനാൽ

വേവുന്നു നോവുന്നു ,തളരുന്നിതയ്യോ


തല്ലിക്കെടുത്തുകെൻ മേൽക്കൂര ദീപം

തല്ലിപ്പൊളിക്കുകീ ശപ്തമാം ദേഹം

പെണ്ണിന്‍റെ കണ്ണീർ വീണതാണീയുടൽ

പേയുള്ള കാമത്തിൻ സാക്ഷിയാണീയുടൽ


ആവില്ലെനിക്കിനിയാ ദീപം തെളിക്കുവാൻ

കഴിയില്ലെനിക്കിനിയാ സൈറൺ മുഴക്കുവാൻ


ഇടനെഞ്ചു തകർന്നൊന്നു വിലപിക്കുവാൻ

പിടയുന്ന സ്ത്രീത്വത്തിൻ രോദനമാകാൻ

അവസാനമായൊന്നു നിലവിളിക്കാൻ

സദയമുണരുകെൻ സ്വനപേടകമേ

ഒരിക്കൽ കൂടെ..... 

ഒരു വട്ടം കൂടെ...


Monday, September 7, 2020

 

 ജന്മ ദിന പ്രശ്നം

 

ദുഷ്കരമാണിപ്പോ ജന്മ ദിനങ്ങൾ

പുഷ്കലമനേകമാം വിരലുകളൊത്ത്

സൃഷ്ടികുമനവധിയാമാശംസാ വരികൾ

നിഷ്ഠയോടതിനെല്ലാം നന്ദിയൊതുവാൻ

കഷ്ടമൊരെയൊരു ചൂണ്ടു വിരലും

. (തള്ള )

 

ബിജോയ്‌ -അന്നുമിന്നും-എന്നെന്നും

 

 

മുപ്പതു വർഷം മുമ്പു നിത്യം

ലോഡ്ജിലെ മുറ്റത്തു വറി പരത്തി

ഓടി നടന്നു നീ പഠിച്ചപ്പോൾ

പൊട്ടുന്ന ഗ്ലാസ്സിൽ കട്ടനുമായി

പെട്ടെന്ന് രാവിലെ ഓടിയപ്പോൾ

പൊട്ടിപ്പൊളിഞ്ഞൊരാ കുളി മുറിയങ്

പൊട്ടിക്കുമാറൊന്നു പാടിയപ്പോൾ

ഞെട്ടിയ ഞങ്ങളെ വയലിന്‍റെ കമ്പികൾ

മീട്ടി നീ വീണ്ടുമുണർത്തിയപ്പോൾ

പുട്ടും പഴവും വെട്ടുന്ന വേഗത്തിൽ

തിട്ടമായ്‌ ബുക്കുകൾ തീർത്തപ്പോൾ

പട്ടടക്കൊത്തൊരു വൈവയിൽ പെട്ടു ഞാൻ

പട്ടിയെ പോലങ്ങു മോങ്ങിയപ്പോൾ

വിട്ടിലു പോലത് ചാടിക്കടന്നു നീ

കൊട്ടയിൽ മാർക്കുമായ് വന്നപ്പോൾ

വട്ടത്തിലിരുന്നാ ഡിസക്ഷണ്‍ ടേബിളിൽ

കത്തി മറന്നു നീ കത്തി വെച്ചപ്പോൾ,

 

ഓർത്തില്ല സുഹൃത്തെ,നീയൊരിക്കൽ

ചിത്രശലഭം പോൽ പറന്നു പാറി

ചിത്രയിലിങ്ങനെ വിലസുമെന്നും

പത്രങ്ങൾ ശാസ്ത്രപത്രങ്ങൾ തൻ

ഛത്രപതിയായി വാഴുമെന്നും

ഗാത്രത്തിനുള്ളിലെ വെയിനിനെ കാണും

സൂത്രവുമായി നീ എത്തുമെന്നും

പത്രങ്ങൾ,സൂത്രങ്ങൾ മാത്രമല്ല

ചിത്രങ്ങൾ മെച്ചമായി ചമയ്ക്കുമെന്നും

ചിത്രയെ പോലും വെല്ലുവിളിച്ചു നീ

ചിത്രമായിങ്ങനെ പാടുമെന്നും

 

എങ്കിലും മനസ്സിൽ ഞാനന്നേ

കൃത്യമായിങ്ങനെ കുറിച്ചിരുന്നു

ഉന്നതനാവും വിഖ്യാതനാകും

ഹ്രസ്വകാലം കൊണ്ടി ഹ്രസ്വഗാത്രൻ

 

തെറ്റിയില്ലോമൽ സുഹൃത്തേ എൻ

കൊച്ചു മനസ്സിൻ നിഗമനങ്ങൾ.

കൊച്ചു മനുഷ്യരാണെന്നുമെന്നും

മെച്ചമായ് വിജയങ്ങൾ കൊയ്യുന്നവർ

BJ

 

ചാപ്ലിനും,ചർച്ചിലും , ബോണപ്പാർട്ടും

കുഞ്ഞുണ്ണി മാഷും ,കേമനാം നീയും

 

മുമ്പോട്ടു തന്നെ ഗമിച്ചോളൂ

മുമ്പനായിങ്ങനെ വാണോളൂ

മുമ്പിലുണ്ടിനിയും തൂവലുകൾ,

മുടങ്ങാതങേറട്ടെ നിൻ തൊപ്പിയിൽ

മിന്നുമാ ശിരോ വസ്ത്രത്തിലിനിയും

മിച്ചമുണ്ടാകാം ഒരല്പമിടം

 

അഞ്ചടിക്കുള്ളിലെ അത്ഭുതമേ

അഞ്ചിത കലകളിൻ പ്രയോക്താവെ

അസുലഭ പ്രതിഭയിൻ നിറകുടമേ

അനുഗ്രഹിക്കട്ടെ ജഗദീശ്വരൻ

Friday, September 4, 2020

 അഞ്‌ജാനമാകും തിമിരത്തെ നീക്കി

വിഞ്ഞ്ജാന കാചത്തെ ഉള്ളിൽ തിരുകി
പ്രജ്ഞാന നേർക്കാഴ്ച നൽകി തെളിച്ചപ്പോൾ

ആത്‌മവിശ്വാസമാം വിട്രിയസ് ചോരാതെ
അരുമയോടെ കാത്ത പരിണിത പ്രജ്ഞരെ
അദ്ധ്യാപകരെ വന്ദ്യ ഗുരുശ്രേഷ്ഠരേ

ഒരുമയോടെ തല വണങ്ങുന്നിതാ ശിഷ്യര്‍
ഒരു മനസ്സോടെ കൈ കൂപ്പുന്നിതാ ഞങ്ങള്‍
ഒരിക്കല്‍ കൂടിയീ അദ്ധ്യാപാക ദിനത്തില്‍
Dr BJ

അഞ്‌ജാനമാകും തിമിരത്തെ നീക്കി
വിഞ്ഞ്ജാനദ്യുതിയാലക്ഷി തുറന്ന്
പ്രജ്ഞാന നേർക്കാഴ്ച നൽകി തെളിച്ച
വിഞ്‌ജരായുള്ള ശ്രേഷ്ഠ ഗുരുക്കളെ
സാദരം വണങ്ങുന്നീ മംഗള ദിനത്തിൽ
Dr Biju John

Thursday, September 3, 2020

 

 

       നേത്രാഞ്‌ജലി

നയനങ്ങൾ നയനങ്ങൾ ജീവിതായനത്തിൽ

നവനീത വർണ്ണാഭ ദ്യുതി പടർത്തി

നയനോത്‌സവങ്ങളാൽ നരജന്മമലരുകൾ

സുരഭിലമാക്കും നൽ താരകങ്ങൾ

 

ഈശ്വരൻ കൊളുത്തിയ വിളക്കുകളാണവ

അനശ്വര ചൈതന്യ രത്നങ്ങളാണവ

ആത്മഹർഷങ്ങളും ആത്മദുഃഖങ്ങളും

ആവിഷ്കരിക്കുമാ ചിത്തത്തിൻ ദർപ്പണം

 

ഹൃദയത്തിൻ താളങ്ങൾ നിലച്ചിടുമ്പോൾ

അവസാന നിശ്വാസം നിർഗമിക്കുമ്പോൾ

അന്ത്യയാത്രക്കു ഭാണ്ഡമൊരുക്കുമ്പോൾ

ആറടി മണ്ണിന് അധിപനാകുമ്പോൾ

 

അണയേണ്ടതുണ്ടോ വിളക്കു കളവയും

അകാന്തികമാകണോ രത്‌നങ്ങളവയും

അലിയേണ്ടതുണ്ടോ പഞ്ചഭൂതങ്ങളായ്

അവികലകാന്തിയെഴുന്നൊരാ നേത്രങ്ങൾ

 

പാടില്ലാ പാതകം ചെയ്യരുതരുതേ

പരിലസിക്കേണമാ സുന്ദര നയനങ്ങൾ

പാരിലെ കമനീയ ദൃശ്യങ്ങളിൽ

പരിചെഴും ചമൽക്കാര ഭംഗികളിൽ

 

ഇനിയുമൊരു കാമുകനാരാധിക്കാൻ

പ്രേയസിയൊരുവൾക്കു മുഖം നോക്കാൻ

പൈതലിൻ പുഞ്ചിരി കാണുവാനൊരു

തായക്കു ഭാഗ്യമായ് പരിണമിക്കാൻ

 

അന്ധതമോകൂപഗർഭേ വസിക്കു-

മൊരന്ധനൊരിറ്റു വെളിച്ചമാകാൻ

രോഗാർത്തമായി നശിക്കും മറ്റൊരു

കൃഷ്ണ മണിക്കു പകരമാകാൻ

 

അലിവോടെ നൽകുകാ നേത്രങ്ങൾ ദാനമായ്

അറിയേണമീ യൊരു ശ്രേഷ്ഠ ദാനം

അവനിയിലെങ്ങും പടരട്ടെ വേഗം

നേത്രദാനത്തിൻ മഹൽ സന്ദേശം

Dr Biju John

 സ്നേഹിച്ചു തീരാതെ, സ്വപ്നഹതനായി

സ്നേഹിതാ താങ്കൾ യാത്രയാകുമ്പോൾ
സസ്പൃഹം സഞ്ചരിക്കുന്നിതാ എൻ മനം
സ്മരണയിലുള്ളൊരാ സ്നേഹതീരത്തേക്ക്

പെരിയാറിൻ കടവിലെ തെളിനീരു തെറ്റിച്ച്
പിന്നെയും പിന്നെയും മുങ്ങിയും പൊങ്ങിയും
ശേഷമുൽസാഹമൊട്ടും കുറയാതെ നിൻ ഭവനമുറ്റത്തായ് ബാല്യകാല കേളികളും

തിങ്ങുന്നതെല്ലാം മനസ്സിൽ പിന്നെയാ മാതാപിതാക്കളും
നിർല്ലോഭമവർ തന്ന സ്നേഹവും കരുതലും
നിർമ്മല ഹൃദയയൊരു നേർപെങ്ങളും പിന്നെ
നിൻ മൃദു മന്ദ ഹാസത്തിൻ ഓർമ്മയും

വഴി പിരിഞ്ഞൊരിക്കൽ നമ്മളും , ഇന്നാ
വഴികളെയെല്ലാം വിട്ടു നീ പോകുമ്പോൾ
തപിക്കുന്നെൻ ഹൃദയം, തേങ്ങുന്നു മനവും
തേടുന്നു ഹേതു നിയതി തൻ തീർപ്പിന്റെ

യാത്രയാക്കുന്നെൻ സുഹൃത്തേ ജെസ്സിലെ
ജനിമൃതികളില്ലാത്തൊരഭൗമതയിലേക്ക്
സ്നേഹികളെയൊക്കെ തനിച്ചാക്കി നീ പോകവേ
സ്നേഹിതാ ഞാനേകുന്നീ ബാഷ്പാഞ്‌ജലി





Monday, May 18, 2020

കോവിട് കൊണ്ട് വന്ന മാറ്റങ്ങൾ

 

         മാറ്റങ്ങൾ

മാറ്റങ്ങൾ മാറ്റങ്ങൾ നല്ലതിനാവട്ടെ

മനസ്സിനും മാറ്റങ്ങൾ വന്നു ഭവിക്കട്ടെ

 

മാറുന്നു പ്രകൃതിയും തകൃതിയിൽ തന്നെ

മാറാതിരിക്കാൻ ആവുമോ മനുജനും

 

വായുവും വെള്ളവും ശുദ്ധമാകുന്നിതാ

വാനവും വാരിയും ഏറ്റു പാടുന്നിതാ

 

നഗരവും നാടും വിജനമാവുന്നിതാ

ഉരഗങ്ങളുൽക്കടമാർന്നു വിലസുന്നു

 

സാരമുള്ളാരേം നിരത്തിലിൽ കാണാഞ്ഞ്

സാരമേയങ്ങൾ നിരന്നു കിടക്കുന്നു

 

വിദ്യസമ്പാദന വിഘ്‌നങ്ങളായ് കണ്ടു

നിർദയം ഭ്രഷ്ട് നാം കല്പിച്ച ഫോണോ

 

വിദ്യാലയങ്ങൾ തന്നെയായ്‌ മാറി

പദ്യവും ഗദ്യവും ശബ്ദമായി

 

ദേവാലയങ്ങളിൽ ആളൊഴിഞ്ഞപ്പോള്‍ 

ഹൃദയാലയങ്ങളിൽ ദൈവമുണർന്നു

 

കണ്ണാടി കാണുമ്പോൾ പെൺമണിമാരുടെ

കണ്ണു നിറയുന്നു , കാരണമെന്തോ

 

വദനത്തിന്‍ വേദനയാകുമി മാസ്ക്

ചെങ്ങാതിയായിനി , കണ്ണാടി വേണ്ട

 

അടുക്കള കാണാത്ത പൂരുഷന്മാരിതാ

അടുക്കളചരിതങ്ങൾ മാറ്റിയെഴുതുന്നു

 

ഊണിനു ശേഷമാ ഹസ്തങ്ങള്‍ കാട്ടും

ഉദകാന്വേഷണ തല്‍പരത,യിപ്പോള്‍

 

ഊണിലും കാണാം ഉറക്കത്തിലും കാണാം

ഉന്മത്തരാണ് ജലത്താലവയിപ്പോ

 

മാറുന്നു കാഴ്ചകള്‍ , മാറുന്നു ലോകം

മാറ്റത്തിന്‍ കാറ്റില്‍ ഉലയുന്നുണ്ടുലകം

 

അറിയില്ല കാരണം ,അറിയണ്ട ഞാനീ

അറിവില്ലായ്‌മയിൽ നിർവൃതി കൊള്ളട്ടെ

 

അറിവുള്ളവരെല്ലാം അറിയാത്തോരേതോ

അണുവിനെ പേടിച്ചകത്തൊളിച്ചു

 

അറിയാമിതൊന്നി ലോകത്തു പലതും

മാറിമറിയുന്നു , മാറാല മായുന്നു.

 

മാറ്റങ്ങൾ മാറ്റങ്ങൾ നല്ലതിനാവട്ടെ

മനസ്സിനും മാറ്റങ്ങൾ വന്നു ഭവിക്കട്ടെ

Dr BJ